എറണാകുളം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കും.
സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.
ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നിട്ടും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് സർക്കാരിന് കീഴിലുള്ള ഏജൻസിയാണെന്നും, കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണീ നടപടിയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം കൂടി കണക്കിലെടുത്തായിരുന്നു ഹൈക്കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നേരത്തെ സ്റ്റേ ചെയ്‌തത്.