പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; വാഹനങ്ങൾ ഉപേക്ഷിച്ച് ചിതറിയോടി യാത്രക്കാർ - യാത്രക്കാരെ ഓടിച്ച് കാട്ടാനക്കൂട്ടം
🎬 Watch Now: Feature Video


Published : Jan 29, 2024, 4:05 PM IST
തൃശൂർ: പാലപ്പിള്ളിയിൽ യാത്രക്കാരെ ഓടിച്ച് കാട്ടാനക്കൂട്ടം. പാലപ്പിള്ളി പിള്ളേത്തോട് പാലത്തിനു സമീപം റോഡിലിറങ്ങിയ കാട്ടാനകളാണ് യാത്രക്കാരെ ഓടിച്ചത്. രാവിലെയായിരുന്നു സംഭവം. കാട്ടാനകൾ പാഞ്ഞടുത്തതോടെ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് യാത്രക്കാർ ചിതറിയോടുകയായിരുന്നു. വിനോദ സഞ്ചാരികളടക്കമുള്ളവർ വാഹനത്തിന്‍റെ ഹോൺ മുഴക്കിയതിന് പിന്നാലെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. പിള്ളത്തോട് ഭാഗത്തായുള്ള പുതുക്കാട് എസ്‌റ്റേറ്റിലും വലിയകുളത്തുമാണ് കഴിഞ്ഞ മാസങ്ങളിലായി കാട്ടാനക്കൂട്ടം ഇറങ്ങി ഭീതിപരത്തിയത്. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചുകടന്നായിരുന്നു കാട്ടാന കൂട്ടം തോട്ടത്തിലേക്ക് എത്തിയത്. ടാപ്പിങ്ങിനെത്തിയെ തൊഴിലാളികളാണ് ആദ്യം ആനക്കൂട്ടത്തെ കണ്ടത്. പുതുക്കാട് എസ്‌റ്റേറ്റില്‍ മാത്രം നാല്‍പ്പതോളം ആനകള്‍ ഉണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കാട്ടാനകള്‍ തുടര്‍ച്ചയായി പ്രദേശത്ത് വിഹരിക്കുന്നതോടെ തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആനകളെ തിരികെ കാടുകയറ്റാന്‍ വനപാലകര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് മുന്‍പും പാലപ്പിള്ളി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരുന്നു. നേരത്തെ, പ്രദേശത്തെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ആയിരുന്നു കാട് കയറ്റിയത്. വയനാട്ടില്‍ നിന്നുമെത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഉപയോഗിച്ചായിരുന്നു വനം വകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്.