'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്ന് യൂത്ത് കോണ്‍ഗ്രസ് ബാനര്‍ ; പ്രതിഷേധം, തുടര്‍ന്ന് സംഘര്‍ഷം - RSS Vs Congress
🎬 Watch Now: Feature Video
Published : Jan 31, 2024, 9:04 AM IST
കണ്ണൂർ : ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നടുവിൽ ടൗണിൽ യൂത്ത് കോൺഗ്രസ്- ആർഎസ്എസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം (RSS Congress Conflict at Kannur Naduvil). യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഹേ റാം എന്ന ഗാന്ധി അനുസ്‌മരണ പരിപാടിയിലേക്ക് ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതാണ് സഘർഷത്തിനിടയാക്കിയത്. ഇന്നലെ (ചൊവ്വ) രാത്രിയോടെയായിരുന്നു സംഭവം. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന യൂത്ത് കോൺഗ്രസ് ബാനറാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്ഥലത്തെത്തിയത്. പൊലീസ് സമയോചിതമായി ഇടപെട്ട് ഇരു വിഭാഗക്കാരെയും പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് ബസ് സ്‌റ്റാൻഡിന്‍റെ ഇരുവശങ്ങളിലും നിന്ന് പ്രവർത്തകർ പരസ്‌പരം മുദ്രാവാക്യം വിളിച്ചു. പരിപാടിക്കിടെ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടുവിൽ ടൗണിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം സംഘർഷം ഒഴിവാക്കാനായി. നാല് ജീപ്പ് പൊലീസ് സ്ഥലത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡണ്ട് പി ബി റോയ് ഉൾപ്പടെ പത്ത് ബിജെപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. യൂത്ത് കോൺഗ്രസ് പരിപാടിയ്ക്കിടെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ ആക്രമണം അപലപനീയമാണെന്ന് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബാനറിനെതിരെയാണ് തങ്ങളുടെ പ്രവർത്തകർ പ്രതിഷേധിച്ചതെന്ന് സംഘപരിവാർ നേതാക്കൾ അറിയിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നടുവിൽ ടൗണിൽ മനപ്പൂർവം പ്രകോപനം സൃഷ്‌ടിക്കുകയാണ് ഉണ്ടായത്. പരിപാടിക്കെതിരെ നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന്, അത്തരം ഒരു ബാനർ ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പും ലഭിച്ചതാണ്. എന്നാൽ ഒരു പ്രകോപനവും ഇല്ലാതെ തങ്ങളുടെ പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുന്ന സമീപനമാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് എന്നും ബിജെപി ആരോപിച്ചു.