മാസ്റ്റേഴ്‌സ് അത്ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് സ്വര്‍ണം ; സംഘത്തില്‍ ഹൈറേഞ്ചിന് അഭിമാനമായി കട്ടപ്പന സ്വദേശിയും - കളപ്പുരയ്ക്കൽ സെബാസ്റ്റ്യൻ തോമസ്
🎬 Watch Now: Feature Video


Published : Mar 1, 2024, 1:32 PM IST
ഇടുക്കി : മാസ്റ്റേഴ്‌സ് അത്ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണം നേടിയവരിൽ കട്ടപ്പന സ്വദേശിയും. വെള്ളയാംകുടി കളപ്പുരയ്ക്കൽ സെബാസ്റ്റ്യൻ തോമസാണ് കേരളത്തിനായി സ്വർണ മെഡൽ കരസ്ഥമാക്കിയത്. പൂനെയിൽ വച്ച് നടന്ന 44ാമത് മാസ്റ്റേഴ്‌സ് അത്ലറ്റിക് ദേശീയ മീറ്റിലാണ് ഹൈറേഞ്ചിന് അഭിമാനമായി സെബാസ്റ്റ്യൻ തോമസ് കേരളത്തിനായി സ്വർണ മെഡൽ നേടിയത്. റിലേ മത്സരത്തിലായിരുന്നു നേട്ടം. കോട്ടയം, തൃശൂർ, മലപ്പുറം സ്വദേശികളാണ് റിലേയിലെ സഹകളിക്കാരായി ഉണ്ടായിരുന്നത്. എഴുപത്തിമൂന്നുകാരനായ തോമസ് വോളിബോളിലൂടെയാണ് കായിക രംഗത്ത് എത്തിയത്. കൃഷിക്കൊപ്പം വോളിബോളിനെയും പ്രണയിച്ചതോടെ പിൽക്കാലത്ത് അറിയപ്പെടുന്ന പ്ലെയറായി മാറുവാൻ ഇദ്ദേഹത്തിനായി. കായിക മേഖലയിൽ പ്രായമൊരു പ്രശ്‌നമല്ല എന്നതിന് ഉദാത്ത മാതൃകയാണ് തോമസ്. എൺപതുകളുടെ അവസാന ഘട്ടത്തിൽ മഞ്ഞപ്പാറ ക്രിസ്‌തുരാജ സ്‌കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുവാനും തോമസ് സമയം കണ്ടെത്തിയിട്ടുണ്ട്. പിന്നീട് മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റുകളിലേയ്ക്ക് നിരവധി സുഹൃത്തുക്കളെ എത്തിക്കുവാനും മത്സരിപ്പിക്കുവാനും ഇദ്ദേഹത്തിനായി. കായിക പ്രതിഭകൾ ഏറെയുള്ള കട്ടപ്പനയിൽ ഗ്രൗണ്ടിൻ്റെ അഭാവം വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു. സംസ്ഥാന തലത്തിൽ ലോങ് ജംപ്, ഹൈജംപ്, 200 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിൽ മത്സരിച്ചത്. അന്നമ്മ സെബാസ്റ്റ്യനാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ.