നാട്ടുകാർക്ക് തലവേദനയായി മാലിന്യമല, മഞ്ചേശ്വരം കുബണൂർ മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ വീണ്ടും തീപിടുത്തം - മാലിന്യ സംസ്‌കരണ പ്ലാൻ്റ്
🎬 Watch Now: Feature Video
Published : Feb 21, 2024, 8:05 PM IST
കാസർകോട്: മഞ്ചേശ്വരം കുബണൂർ മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ വീണ്ടും വൻ തീപിടുത്തം. പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തീപിടുത്തമാണ് ഇവിടെ ഉണ്ടായത്. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് നിന്നുള്ള മൂന്നു അഗ്നിരക്ഷ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല. പുകയും ചൂടും പ്ലാസ്റ്റിക് കത്തിയ ഗന്ധവും വെല്ലുവിളിയാണ്. ഈ മാസം 12 നും ഇവിടെ തീപ്പിടുത്തം ഉണ്ടായിരുന്നു. അന്ന് 20 മണിക്കൂർ എടുത്താണ് തീ അണച്ചത്.
അന്ന് മാലിന്യകേന്ദ്രത്തിൽ കൂട്ടിയിട്ട ടൺകണക്കിന് പ്ലാസ്റ്റിക് വസ്‌തുക്കളും മാലിന്യം വേർതിരിക്കാനായി നിർമിച്ച കെട്ടിടവും ഉപകരണങ്ങളും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്‌ടമാണ് അന്ന് ഉണ്ടായത്. മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് കുബണൂരിലേത്. മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിച്ചാണ് സംസ്‌കരിക്കുന്നത്. 17 വർഷം മുൻപാണ് ഇവിടെ മാലിന്യസംസ്‌കരണ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്. കുബണൂരിൽ സംസ്‌കരണത്തിന് ശാസ്‌ത്രീയ സംവിധാനമില്ലാത്തതിനാൽ ടൺകണക്കിന് മാലിന്യമാണിവിടെ കൂട്ടിയിട്ടിരിക്കുന്നത്. വർഷങ്ങളായി ഇത് കുന്നുകൂടി ഇവിടെയുണ്ടായ മാലിന്യമല നാട്ടുകാർക്ക് തലവേദനയായിരുന്നു.