കോഴിക്കോട്: കൊടുംചൂടിൽ വെന്തുരുകുമ്പോൾ ആശ്വാസം തേടി യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. സ്‌കൂൾ അവധിക്കാലം കൂടി ആയതോടെ ജീവിതം ആസ്വാദ്യകരമാക്കാനുള്ള സ്ഥലങ്ങള്‍ പരതുകയാണ് മിക്കവരും. നമ്മുക്ക് തൊട്ടടുത്ത് നമ്മള്‍ കാണാത്ത എത്രയോ സ്ഥലങ്ങള്‍ ഇനിയുമുണ്ട്. അത്തരത്തില്‍ കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.
ജാനകിക്കാട്: കുറ്റ്യാടിയില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെയാണ് ജാനകിക്കാട്. മനസ് നിറയെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള കാഴ്‌ചകളാണ് കുറ്റ്യാടിപ്പുഴയ്‌ക്ക് കുറുകെയുള്ള ചവറമ്മുഴി പാലത്തിനപ്പുറമുള്ള ജാനകിക്കാട് കാത്തുവയ്ക്കുന്നത്. കാടിന്‍റെ തനത് ഭംഗി പകര്‍ന്ന് നല്‍കുംവിധം ഇവിടം അത്രമേല്‍ സുന്ദരമാണ്.

113 ഹെക്‌ടർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ കാട് ഇന്ന് ഇക്കോ ടൂറിസം പദ്ധതിയായാണ് സംരക്ഷിക്കപ്പെടുന്നത്. കേരള വനം വകുപ്പും ജാനകിക്കാട് വനം സംരക്ഷണ സമിതിയും ചേർന്നാണ് ഇതിന്‍റെ നടത്തിപ്പ്. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 54 കിലോമീറ്റർ അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ വശ്യമാര്‍ന്ന സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ജാനകിക്കാട്.

പെരുവണ്ണാമൂഴി ഡാം ആന്‍ഡ് റിസര്‍വോയര്‍: കുറ്റ്യാടിക്ക് 14.7 കിലോമീറ്റര്‍ അപ്പുറം കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട്. പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. മുതല വളര്‍ത്ത് കേന്ദ്രവും മനോഹരമായ ഉദ്യാനങ്ങളും ഇവിടം കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പെരുവണ്ണാമൂഴി അണക്കെട്ട്, പെരുവണ്ണാമൂഴി റിസർവോയർ, മുതല വളർത്ത് കേന്ദ്രം കൂടാതെ മലബാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ കാഴ്‌ച ആസ്വദിക്കാനാവും ഇവിടെയെത്തിയാല്‍.

ഉറിതൂക്കിമല ട്രക്കിങ് സ്‌പോര്‍ട്ട്: കുറ്റ്യാടിയില്‍ നിന്ന് 15.3 കിലോമീറ്റര്‍ അകലെ കരിങ്ങാട് എന്ന മലയോര ഗ്രാമത്തിലാണ് ഉറിതൂക്കി മലയുള്ളത്. മഴക്കാലത്തും വേനല്‍ കാലത്തും വ്യത്യസ്‌ത പ്രകൃതി ഭംഗിയാണ് ഇവിടെ കാണാനാവുക. മഴക്കാലത്ത് കോട പുതച്ച് നില്‍ക്കുന്ന മനോഹാരിതയും വേനല്‍ക്കാലത്ത് കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മലയോര ഭംഗിയും ആസ്വദിക്കാം. ജില്ലയിലെ തന്നെ മികച്ച ട്രക്കിങ് സ്‌പോര്‍ട്ടാണ് ഉറിതൂക്കി മലയിലേത്. സാഹസികതയേറിയ ഓഫ് റോഡ് യാത്ര ഇവിടെയത്തുന്നവര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുക.

കക്കയം: വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് കക്കയം വിനോദ സഞ്ചാര കേന്ദ്രം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ കണ്ട് വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനം കുളിർപ്പിക്കും. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്‌ടമാണ്.
കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാം സൈറ്റിൽ നിന്ന് വനമേഖലയിലൂടെ അല്‍പം ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച ഡാമാണ് കക്കയത്തേത്. ഇവിടെ ഹൈഡൽ ടൂറിസം സെന്‍ററും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും ഇവിടെ എത്തിച്ചേരാം.

തോണിക്കടവ്: മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തുംപാറയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തോണിക്കടവ് ടൂറിസം പദ്ധതി. കുന്നിൻ മുകളിൽ സഞ്ചാരികൾക്കായി വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. കൂരാച്ചുണ്ടിൽ നിന്ന് കക്കയത്തേക്കുള്ള വഴിയിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ തോണിക്കടവിലെത്താം.

പയംകുറ്റിമല: ഉദയാസ്‌തമയ സൂര്യന്‍റെ ഭംഗി ആവോളം ആസ്വദിക്കാനാകുന്നയിടമാണ് പയംകുറ്റി മല. സ്‌പോട്ടിലെത്തിയാല്‍ വടകര ടൗണും പരിസരവും കടലും കടലിലെ വെളളിയാങ്കല്ലുമെല്ലാം കാണാൻ കഴിയും. മലമുകളിലെത്തുന്ന ഭക്തര്‍ക്കായി ഒരു മുത്തപ്പന്‍ ക്ഷേത്രവും അവിടെയുണ്ട്.
കാഴ്‌ചകൾ കാണാൻ വാച്ച് ടവറുണ്ട്. വടകരയിൽ നിന്ന് തിരുവള്ളൂർ റോഡിലൂടെ പണിക്കോട്ടി റോഡിലെത്തി കുറച്ച് മുന്നോട്ടുപോയാൽ ഇടത്തോട്ടുള്ള വഴിയാണ് ഇങ്ങോട്ടുള്ള പാത. വടകരയിൽനിന്ന് ലോകനാർകാവിലെത്തി ക്ഷേത്രത്തിന് മുന്നിലുള്ള റോഡിൽ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ പോയാലും മുത്തപ്പൻ മലയിലെത്താം.

തുഷാരഗിരി: കാടിന്‍റെ വന്യതയും കാട്ടുചോലകളുടെ കുളിർമയും തൊട്ടറിയാൻ തുഷാരഗിരിയിലേക്ക് പോകാം. പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങളും നിബിഡ വനത്തിലൂടെ കാട്ടുപാതകൾ താണ്ടിയുള്ള നടത്തവും ആരെയും ത്രസിപ്പിക്കും. ഇടതൂർന്ന് മരങ്ങളും കാട്ടുവള്ളികളും അതിലെ മൂന്നു വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയുടെ പ്രധാന ആകർഷണം.
മൂന്നു വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമുണ്ട്. കാപ്പാട്-തുഷാരഗിരി-അടിവാരം ടൂറിസം ഹൈവേയിൽ കോടഞ്ചേരി ടൗണിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാര ഗിരിയിലെത്താം. കോഴിക്കോട്ട് നിന്ന് താമരശ്ശേരി വഴിയും ഓമശ്ശേരി വഴിയും തുഷാര ഗിരിയിലെത്താം. സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജ് സൗകര്യങ്ങളും ഇവിടെയുണ്ട്.

വയലട: കോഴിക്കോടിന്‍റെ ഗവി എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് വയലട. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് വയലടയും അതിനോട് ചേർന്നുള്ള ചുരത്തോടുമലയും. ഇരുമലകളുടെയും മുകളിലെത്തിയാല്‍ സമശീതോഷ്‌ണ കാലാവസ്ഥയാണ്.
വയലട മലമുകളിലെ മുള്ളൻ പാറയാണ് ഏറെ ആകർഷണീയം. ഇവിടെ നിന്ന് നോക്കിയാൽ പെരുവണ്ണാമൂഴി ഡാംസൈറ്റും റിസർവോയറും കാണാം. തലയാട് അങ്ങാടിയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ചുരത്തോട് മലയിലും ധാരാളം സഞ്ചാരികളെത്താറുണ്ട്. ബാലുശ്ശേരിയിൽ നിന്ന് കുറുമ്പൊയിൽ വഴി 7 കിലോമീറ്റർ സഞ്ചരിച്ചാൽ വയലടയിലെത്താം. കെഎസ്ആർടിസി ബസ് സർവീസുള്ള മേഖലയായത് കൊണ്ട് വളരെ വേഗത്തില്‍ ഇവിടെയെത്താം. തലയാട് അങ്ങാടിയിൽ നിന്ന് മണിച്ചേരി മലവഴിയും വയലടയിലെത്താം. ഇവിടെ നിന്നും ജീപ്പിലാണ് വയലടയിലെത്താനാകുക.

ബേപ്പൂർ: സായാഹ്നങ്ങള്‍ ഉല്ലസിക്കാൻ ബേപ്പൂരിലേക്ക് പോകാം. ഹൃദ്യമായ കാഴ്‌ചയൊരുക്കി തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ്ഹൗസുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായി പണിത പുലിമുട്ടുകളാണ് മുഖ്യ ആകർഷണം. സൂര്യോദയ-അസ്‌തമയ ദൃശ്യങ്ങൾ മറ്റൊരു ഭംഗിയാണ്. ഇവിടെയെത്തിയാല്‍ ഉരുനിർമാണ കേന്ദ്രവും സന്ദർശിക്കാം. കോഴിക്കോട് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ബേപ്പൂർ. നഗരത്തിൽ നിന്ന് ബസ് സർവീസ് ഉണ്ട്.

കാപ്പാട്: ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂഫ്ലാഗ് പദവിയുടെ അംഗീകാരത്തോടെയാണ് കാപ്പാട് സഞ്ചാരികളെ വരവേൽക്കുന്നത്. 8 കോടി രൂപ മുടക്കിയാണ് ബീച്ച് നവീകരിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെയാണ് കാപ്പാട്. വെങ്ങളം, തിരുവങ്ങർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ നിന്നെല്ലാം കാപ്പാട് തീരത്തേക്ക് വേഗത്തില്‍ എത്തിച്ചേരാം.