ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മങ്ങളില്‍ ഒന്നാണ് വ്രതാനുഷ്‌ഠാനം അഥവ റമളാനിലെ നോമ്പ്. സൗം എന്നാണ് ഇതിനെ അറബി ഭാഷയില്‍ അറിയപ്പെടുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണങ്ങളും പാനീയങ്ങളും അതോടൊപ്പം ദുഷ് പ്രവൃത്തികളും ഉപേക്ഷിക്കുകയാണ് വ്രതാനുഷ്‌ഠാനം കൊണ്ട് ഉദ്ദേശിക്കുന്നത്. 30 ദിവസമാണ് ഇത്തരത്തില്‍ വ്രതാനുഷ്‌ഠാനം ഉണ്ടാകുക.
ഒരുമാസത്തോളം തുടരുന്ന ഈ വ്രതാനുഷ്‌ഠാനം കൊണ്ട് മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുകയാണ് ആത്മീയ ലക്ഷ്യം. ഭക്ഷണം കഴിക്കുന്നത് ഒരു പ്രത്യേക സമയത്തേക്ക് ക്രമീകരിക്കപ്പെടുന്നു. ഇത്തരത്തില്‍ ക്രമീകരിക്കുന്ന ഭക്ഷണ രീതി ശരീരത്തില്‍ നിന്നും മാലിന്യങ്ങളെയും വിഷാംശങ്ങളെയും നീക്കാനും ശരീരത്തിന് കൂടുതല്‍ രോഗ പ്രതിരോധ ശേഷി നല്‍കാനും സഹായിക്കും. പ്രഭാതത്തിന് മുമ്പ് ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ പിന്നിട്ട് സൂര്യാസ്‌തമയത്തിന് ശേഷമാണ് വീണ്ടും ഭക്ഷണം കഴിക്കുക.
ഇത്തരത്തിലുള്ള രീതിയിലേക്ക് മാറുമ്പോള്‍ തളര്‍ന്ന് പോകുമോയെന്ന് പലരിലും സംശയങ്ങള്‍ ഉണ്ടാകും. 30 ദിവസം തുടരുന്ന വ്രതാനുഷ്‌ഠാനത്തിലേക്ക് പോകുമ്പോള്‍ ചിലര്‍ക്ക് ക്ഷീണവും ദാഹവുമെല്ലാം അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനും വളരെ ആരോഗ്യമുള്ള നോമ്പ് കാലം ആസ്വദിക്കുവാനും ഏതാനും ചില നുറുങ്ങ് വിദ്യകളുണ്ട്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍: വ്രതം അനുഷ്‌ഠിക്കുന്നവര്‍ പകല്‍ സമയത്ത് വെള്ളം കുടിക്കാറില്ല. ഇത്തവണ അമിത ചൂടും ദാഹവും അനുഭവപ്പെടുന്ന മാര്‍ച്ചിലാണ് നോമ്പ് എത്തിയത്. അതുകൊണ്ട് വ്രതം അനുഷ്‌ഠിക്കുന്നവരുടെ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്‌ടപ്പെട്ടു കൊണ്ടിരിക്കും.
അത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ സൂര്യാസ്‌തമയത്തിന് മുമ്പും സൂര്യോദയത്തിന് ശേഷവും ധാരാളം വെള്ളം കുടിക്കണം. ആരോഗ്യവാനായ ഒരാള്‍ രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ട്. മാത്രമല്ല വെള്ളം ധാരാളം കുടിക്കുന്നതിനൊപ്പം ചായ, കോഫി എന്നിവ ഒഴിവാക്കുന്നതാണ് അത്യുത്തമം. അതോടൊപ്പം ശരീരത്തിലേക്ക് കൂടുതല്‍ ജലാംശം നല്‍കുന്ന പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. കടുത്ത ചൂടില്‍ നിന്നും വെയിലില്‍ നിന്നും വിട്ടുനില്‍ക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായകരമാകും.
അത്താഴം പ്രോട്ടീന്‍ റിച്ചാക്കുക: സൂര്യോദയത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നവര്‍ ധാരാളം പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നട്‌സും സീഡ്‌സുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സൂര്യോദയത്തിന് മുമ്പ് ചോറ്, ചപ്പാത്തി, ദോശ എന്നിവ കഴിക്കുന്നവര്‍ നട്‌സും സീഡ്‌സുമെല്ലാം അതിന് അര മണിക്കൂര്‍ മുമ്പ് കഴിക്കാന്‍ ശ്രമിക്കുക. ഇത്തരത്തിലുള്ള ഭക്ഷണ രീതി തുടര്‍ന്നാല്‍ അത് വ്രതാനുഷ്‌ഠാന കാലം മുഴുവന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം പകരും.
ഇഫ്‌താര്‍ സമയത്തെ ഭക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദിവസം മുഴുവന്‍ ഭക്ഷണം വെടിഞ്ഞ് സൂര്യാസ്‌തമയമാകുമ്പോള്‍ എല്ലാം കൂടി ഒന്നിച്ച് കഴിക്കുന്നത് നിങ്ങളെ ക്ഷീണിതനാക്കിയേക്കും. അതുകൊണ്ട് വിശപ്പ് അടക്കാനുള്ള ഭക്ഷണം മാത്രം ഇഫ്‌താര്‍ സമയത്ത് കഴിക്കുക.
നോമ്പിന് ഉപ്പിന്‍റെ അളവ് കുറയ്‌ക്കണം: റമദാന്‍ സമയത്ത് കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് കുടലിന്‍റെ ആരോഗ്യത്തിന് ഗുണകരമാകും. മാത്രമല്ല ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ അളവ് കുറയ്‌ക്കണം. ഇത് പകല്‍ സമയത്തെ അമിത ദാഹം ഒഴിവാക്കാന്‍ സഹായകരമാകും. ഉപ്പ് മാത്രമല്ല പഞ്ചസാര, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വിവിധ മസാലകള്‍ എന്നിവയും കുറയ്‌ക്കുക.
യോഗര്‍ട്ട് കൂടുതലായി ഉള്‍പ്പെടുത്തുക: പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനൊപ്പം ഭക്ഷണത്തില്‍ യോഗര്‍ട്ട് അഥവ തൈര് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. തൈരിന്‍റെ ഉപയോഗം ആമാശയത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കും. കുടലിലെ അസിഡിറ്റിയെ ഇതിന് അകറ്റാന്‍ കഴിയും. മാത്രമല്ല ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും തൈര് സാധിക്കും. ഇത് ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണത്തെയും തടയും.