മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചായ. ഉണർന്ന് കഴിഞ്ഞൊന്ന് ഉഷാറാകാൻ ചായ നിർബന്ധമുള്ളവരുണ്ട്. എന്ത് കിട്ടിയില്ലെങ്കിലും സാരമില്ല ഒരു ചായ കിട്ടിയാൽ മതി എന്ന് പറയുന്നവരും ഏറെ. ചായപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരിടമുണ്ട് തലസ്ഥാനത്ത്. തിരുവനന്തപുരം വേങ്ങോട്ടെ, ഏതാണ്ട് 75 വർഷം പഴക്കമുള്ള സുമനൻ ചേട്ടന്‍റെ തിരുവോണം ടീ ഷോപ്പ്.
സുമനൻ ചേട്ടന്‍റെ അച്ഛനായിട്ട് തുടങ്ങിയതാണ് ഈ ചായക്കട. തിരുവനന്തപുരം തോന്നയ്‌ക്കൽ പതിനാറാം മൈലിൽ നിന്നും വേങ്ങോട് ജംഗ്ഷനിൽ എത്തി ആരോട് ചോദിച്ചാലും തിരുവോണം ടീഷോപ്പ് കാട്ടിത്തരും. കടയുടെ ആദ്യ കാഴ്‌ച തന്നെ ഹൃദയം കവരുന്നതാണ്. റോഡിൽ നിന്നുതന്നെ ഉള്ളിലേക്ക് നോക്കി 'ചേട്ടാ ഒരു ചായ' എന്ന് പറഞ്ഞുപോകും.
ഈ കടയ്‌ക്കും ഏറെ പ്രത്യേകതകളുണ്ട്. ഒറ്റ മുറിക്കട. മണ്ണ് കൊണ്ടാണ് ചുവരുകളുടെ നിർമാണം. ഓല മെടഞ്ഞ് കെട്ടിയ മേൽക്കൂര. വശങ്ങളിൽ തടി കൊണ്ട് നിർമിച്ച, വായു സുഗമമായി കടക്കുന്ന തരത്തിലുള്ള ജനലുകൾ. കടയുടെ വശത്തുകൂടി കയറുകയാണെങ്കിൽ തല കുമ്പിട്ട് തന്നെ കയറണം. മുന്നിലൂടെ നിവർന്നു കയറാം. 10 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാം.
25 വർഷമെങ്കിലും പഴക്കമുള്ള ബെഞ്ചും മേശയുമാണ് ഡൈനിങ് സെറ്റ് അപ്പ്. ചുവരുകളിലെ നാടകത്തിന്‍റെ അടക്കമുള്ള പോസ്റ്ററുകൾ കഴിഞ്ഞ കാലത്തേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകും. കാഴ്‌ചകൾ കണ്ടങ്ങനെ നിൽക്കുമ്പോൾ കാത്തിരുന്ന ചായ ഇങ്ങെത്തും. കൂടെ കടിക്കാൻ മൊരിഞ്ഞ ഉഴുന്നുവട, പിന്നെ ദോശയും നല്ല തേങ്ങ അരച്ച ചമ്മന്തിയും പപ്പടവും. തിരുവനന്തപുരത്തിന്‍റെ സ്വന്തം രസവടയുമെല്ലാം ഇവിടെ റെഡിയാണ്. നാടൻ രുചി നാവിൽ പഞ്ചാരിമേളം കൊട്ടും. ഭക്ഷണം കഴിക്കാൻ പാത്രമില്ല, വാഴയിലയാണ്.
പതിവുകാരാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും. 30 വർഷമായി സ്ഥിരമായി ഭക്ഷണം കഴിക്കുന്നവർ വരെയുണ്ട്. അടുക്കളയിൽ വിറകടുപ്പാണ്. മേൽപ്പറഞ്ഞ ഭക്ഷണങ്ങൾ അല്ലാതെ മറ്റൊന്നും ഇവിടെ ലഭിക്കില്ല. നല്ലതെന്തിന് നാലെണ്ണം അല്ലേ.
നല്ല വൃത്തി, പഴമയുടെ സൗന്ദര്യം, ഒരു മുത്തശ്ശി കഥ പോലെ മനോഹരമായ ഭോജനാനുഭവം. പഴമയുടെ പെരുമ നിലനിർത്താനുള്ള സുമനൻ ചേട്ടന്‍റെ നിർബന്ധ ബുദ്ധിക്ക് കയ്യടിക്കാതെയെങ്ങനെ. എല്ലാദിവസവും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 5 മണി വരെ ഈ കട പ്രവർത്തിക്കും. അപ്പോ തലസ്ഥാനത്തെത്തി ഒരു ചായ കുടിക്കാൻ തോന്നിയാൽ ഒട്ടും മടിക്കേണ്ട, നേരെ വിട്ടോ തിരുവോണത്തിലേക്ക്.
ALSO READ: കറുമുറാ തിന്നാൻ 'ചറുമുറു'; കാസർകോട് വന്നാൽ കഴിക്കാതെ പോകരുതേ ഈ സ്‌പെഷ്യൽ ഐറ്റം...