കൊല്ലം: നിങ്ങൾ തലക്കറി കഴിച്ചിട്ടുണ്ടോ നല്ല ഒന്നാന്തരം നെയ്‌മീൻ തലക്കറി. കഴിച്ചിട്ടില്ലെങ്കിൽ കൊല്ലത്തെ ഷാപ്പിൽ നിന്ന് ഒന്ന് കഴിച്ച് നോക്കണം. കൊല്ലത്തെ മീൻ കറിക്ക് ഒരുപാട് ഫാൻസ് ഉണ്ട്. കെല്ലെത്തെ മീനിനെന്താ പ്രത്യേകത എന്ന് പലരും കരുതും എന്നാൽ കേട്ടോളൂ കൊല്ലത്തെ മീനിനും മീൻ കറി വയ്ക്കുന്ന സ്‌റ്റൈലിനും വലിയ കയ്യടി ലഭിച്ചിട്ടുണ്ട്.
മീൻ രുചിയിൽ രാജാവ് സാൽമൺ എങ്കിൽ തലക്കറി വയ്ക്കാൻ നെയ് മീൻ തന്നെ കേമൻ. അതും ഷാപ്പിലെ നല്ല എരിവുള്ള ഒന്നാന്തരം തലക്കറി. കൊല്ലത്തെ മീനിനും മീൻകറിക്കും രുചി അല്‍പം കൂടുതലാണെന്ന് സാക്ഷാൽ മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ട്. പലപ്പോഴും പല വേദികളിലും അദ്ദേഹമത് തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ കൊല്ലംകാരുടെ സൂപ്പർ മീൻ കറി കഴിക്കണമെങ്കിൽ ചിന്നക്കടയിലേക്ക വന്നോളൂ. ചിന്നക്കട ടൗണിൽ ചെന്ന് നല്ല തലക്കറി കഴിക്കാൻ പറ്റിയ ഷാപ്പ് ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ സ്വരത്തിൽ കേൾക്കാവുന്ന പേരാണ് ഊന്നിൻമൂട് ഷാപ്പ്.
കൊല്ലം പാരിപ്പള്ളിയിൽ നിന്ന് നാല് കിലോമീറ്റർ വർക്കല ഭാഗത്തേക്ക് സഞ്ചരിച്ചാൽ ഹരിതയിലെത്താം. പ്രശാന്ത സുന്ദരമായ ഭൂമിക. പാടങ്ങളുടെയും കുളങ്ങളുടെയും മധ്യത്തിൽ രുചിയുടെ ഈറ്റില്ലം. രാജൻ ചേട്ടനാണ് ഷാപ്പിന്‍റെ മുതലാളി. ഇവിടുത്തെ സ്‌പെഷ്യൽ നെയ്‌മീൻ തലക്കറിയാണ്. ഷാപ്പിലെ പ്രധാന പാചകക്കാരി സിന്ധുവാണ്. സിന്ധുവിന്‍റെ തലക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. കറിക്കുള്ള ചേരുവ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതാണ് സിന്ധു ചേച്ചിയുടെ അഭിപ്രായപ്രകാരം യഥാർത്ഥ കൈപ്പുണ്യം. ഹരിതയിലെ സ്‌പെഷ്യൽകറി എങ്ങനെയെന്ന് നോക്കാം
കറി വെക്കുന്ന രീതി
കല്ലുപ്പ് കലക്കിയ വെള്ളത്തിൽ ആദ്യം മീൻ തലകൾ കഴുകും, പിന്നെ ശുദ്ധമായ വെള്ളത്തിൽ മൂന്നുനാല് തവണ കഴുകി വൃത്തിയാക്കണം. പാത്രം അടുപ്പിൽ വെക്കുന്നതിനു മുമ്പ് കൊച്ചുള്ളി മഞ്ഞൾ പൊടി ചേർത്ത് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയിൽ ആദ്യം തന്നെ വഴറ്റിയെടുത്ത് മാറ്റിവയ്ക്കണം. കൊച്ചുള്ളി ഇല്ലെങ്കിൽ സവാള ആയാലും മതി. തേങ്ങ ചിരകി കുരുമുളകുപൊടിയും മുളകും ചേർത്ത് ഒന്ന് വറുത്തെടുത്ത് പൊടിക്കണം
ശേഷം ഉരുളി അടുപ്പിൽ വെക്കണം. തീയുടെ അളവും തല വേവാനെടുത്തുന്ന സമയവും പ്രാധാന്യമുള്ള കാര്യമാണ്. തല അടുപ്പിൽ കയറിയാൽ കൃത്യം 20 മിനിറ്റ് വേവാണ് വേണ്ടത്. തലക്കറി വയ്ക്കുമ്പോൾ ഉരുളി പോലുള്ള പാത്രം തന്നെ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ തിളക്കുമ്പോൾ ഉണ്ടാക്കുന്ന പ്രഷറിൽ തല ഉടഞ്ഞു പോകാൻ സാധ്യത ഏറെയാണ്. എണ്ണ ചൂടായി കടുക് വറുത്ത് ഒരല്‍പം മുളകും ഭംഗിക്ക് ചേർത്ത് ഒന്ന് കാത്തിരിക്കാം.
എണ്ണ തിളക്കുന്ന തിളപ്പിൽ വെളുത്തുള്ളി ഇടിച്ചു ചതച്ചത് ചേർക്കണം. അതോടൊപ്പം തന്നെ ഇടിച്ചു ചതച്ച ഇഞ്ചി കൂടി ഇടണം. ചട്ടുകമിട്ട് നാല് ഇളക്ക് ഇളക്കി കറിവേപ്പില ചേർത്ത് ആദ്യഘട്ടത്തിന് ഒന്ന് പതം വരുത്തണം. എല്ലാം ചൂടായി എന്ന് ബോധ്യം വന്നാൽ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ആവശ്യത്തിന് ചേർക്കാം.
മുളകുപൊടി എന്നാൽ കാശ്‌മീരി മുളകുപൊടി തന്നെ. അല്‍പം കൂടുതൽ ചേർത്താലും തെറ്റില്ല. ഒന്നിളക്കിയ ശേഷമാണ് ഉപ്പു ചേർക്കുക. ഒന്ന് കട്ടിയാകുന്നത് വരെ ചട്ടുകം ഇട്ട് കറി ഇളക്കി കൊടുക്കണം. കറി തിളച്ചാൽ വറുത്ത തേങ്ങ പൊടിച്ചത് ചേർക്കാം. അതോടെ ഗ്രേവി മൊത്തത്തിൽ ഒന്ന് കുറുകും. ഒന്നിളക്കി വഴറ്റി വെച്ച ഉള്ളി കൂടി ചേർക്കണം. ചെറുതീയിൽ ഗ്രേവി ഒരല്‍പം കൂടി ചൂടാക്കിയ ശേഷം മാത്രമാണ് കുരുമുളകുപൊടി ചേർക്കുക.
കുരുമുളകുപൊടി അരപ്പിൽ ചേർന്നു കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം ചേർത്ത് തിളക്കുന്നത് വരെ കാത്തിരിക്കാം. കറി തിളച്ചു എന്ന് തോന്നിയാൽ പിന്നെ ഒന്നും നോക്കാനില്ല, കഴുകി വൃത്തിയാക്കിയ തലകൾ അരപ്പ് കറിയിലേക്ക് ഇറക്കി വയ്ക്കുകയാണ്. കൃത്യം 10 മിനിറ്റ് ഒരു വശം വെന്തു എന്ന് തോന്നിയാൽ തല ഉടഞ്ഞു പോകാതെ മറിച്ചിടണം. അത് കൃത്യമായ കൈത്തഴക്കം ഉണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന പരിപാടിയാണ്.
തല മറച്ചിട്ടാൽ വീണ്ടും 10 മിനിറ്റ്. അടച്ചുവെച്ച് വേവിക്കേണ്ട ആവശ്യമൊന്നുമില്ല. വളരെ വേഗം വേവുന്ന തലയാണ് നെയ്‌മീനിന്‍റേത്. ചൂരയുടെതും സമാന വേവുസമയം ഉള്ളത് തന്നെ. വേള കൊഴുവ തുടങ്ങിയ മത്സ്യങ്ങൾക്കാണ് തല വേകാൻ ഒരുപാട് സമയമെടുക്കുന്നത്.
Also Read:
- കണ്ണൂരിന്‍റെ മനം കവര്‍ന്ന് എസി ഹോട്ടലിലെ പഴംപൊരിയും ബീഫും; ജോസേട്ടന്‍റെ സീക്രട്ട് റെസിപ്പിക്ക് ടേസ്‌റ്റ് കൂടും
- കറുമുറാ തിന്നാൻ 'ചറുമുറു'; കാസർകോട് വന്നാൽ കഴിക്കാതെ പോകരുതേ ഈ സ്‌പെഷ്യൽ ഐറ്റം..
- ഉച്ചയൂണിന് പകരം ഉച്ചക്കഞ്ഞി വിളമ്പി മട്ടന്നൂര്‍ കഫേ ; ആവിപറക്കും കഞ്ഞിക്കായി ആവശ്യക്കാരേറെ
- കൊച്ചിയ്‌ക്കടുത്ത് കൊച്ചരീക്കല്‍... കാടിനുള്ളില്‍ പ്രകൃതി ഒളിപ്പിച്ച വശ്യത; നിഘൂഢമായ ഗുഹയും കുളവും ഉറവയും തേടി സഞ്ചാരികള്‍
- വഴിനീളെ ചെഞ്ചോപ്പണിഞ്ഞ് ഗുല്‍മോഹര്‍; തേയിലക്കാടും പിന്നെ കോടമഞ്ഞും.., മൂന്നാറില്‍ കാഴ്‌ചയുടെ വിരുന്ന്
- ഉള്ളിവടയ്ക്ക് ടേസ്റ്റ് കൂട്ടാം; ഇതാ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ