എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ നാല് പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.
കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് പുതിയ ചരിത്രം രചിച്ച സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ ഇതോടെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പുതിയ റൂട്ടുകൾ കൊച്ചി വാട്ടർ മെട്രോയ്‌ക്ക് ലഭിക്കും. കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ദ്വീപ് നിവാസികളുടെ യാത്ര സൗകര്യത്തോടൊപ്പം, വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും വാട്ടർ മെട്രോ സഹായകമാവും.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ആരംഭിച്ച് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് വാട്ടർ മെട്രോയുടെ ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ആരംഭിച്ച് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയാണ് മറ്റൊരു റൂട്ട്. ഇതോടെ കൊച്ചി വാട്ടർ മെട്രേയ്ക്ക് ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്കാണ് വാട്ടർ മെട്രോ എത്തുന്നത്.
സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തതെന്ന നേട്ടം കൈമുതലാക്കിയാണ് വാട്ടർ മെട്രോ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൽഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്‌ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തുന്ന രാജ്യത്തെ ഏറ്റവും വിപുലമായ ബോട്ട് സർവീസാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ കൂടിയാണ് കൊച്ചി വാട്ടർ മെട്രാ സർവീസ്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകൾക്കുണ്ട്.
പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും സുരക്ഷിതമായി നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും, നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസങ്ങളില്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്.
പൂര്‍ണമായും ശീതികരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാനാകും. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും മറ്റൊരു സവിശേഷതയാണ്. കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്തസാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.