ഇടുക്കി : സഞ്ചാരികള്‍ ധാരാളമെത്തുന്ന കാന്തല്ലൂരിലെ മനോഹര കാഴ്‌ചകളില്‍ ഒന്നാണ് പഴവര്‍ഗങ്ങള്‍ വിളയുന്ന കൃഷിയിടങ്ങള്‍. പച്ചപുതച്ച കൃഷിയിടങ്ങളില്‍ പഴവര്‍ഗങ്ങളങ്ങനെ മൂപ്പെത്തി പാകമായി നിൽക്കുന്ന കാഴ്‌ച സഞ്ചാരികള്‍ക്ക് കൗതുകം നല്‍കുന്നതാണ്. കാന്തല്ലൂരിലെ ആപ്പിള്‍ കൃഷിയുടെ ഖ്യാതിയും വളരെ വലുതാണ്.
കോടമഞ്ഞ് മൂടുന്ന കാന്തല്ലൂരില്‍ എത്തിയാല്‍ പഴവര്‍ഗങ്ങള്‍ വിളയുന്ന ധാരാളം കൃഷിത്തോട്ടങ്ങളുണ്ട്. അത്തരമൊരു കൃഷിയിടമാണ് ബാബുവിന്‍റേത്. ഇവിടെ എത്തിയാല്‍ ആപ്പിളും ഓറഞ്ചും പ്ലംസും മാതളവുമെല്ലാം വിളഞ്ഞുകിടക്കുന്ന മനോഹര കാഴ്‌ച കാണാം. സഞ്ചാരികള്‍ ധാരാളമായി ഇവിടേക്കെത്തുന്നുവെന്ന് ബാബു പറയുന്നു.
കാര്‍ഷിക മേഖലയും വിനോദസഞ്ചാര മേഖലയും ഒരേ പോലെ ചേര്‍ന്ന് പോകുന്നു എന്നതാണ് കാന്തല്ലൂരിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ ബാബു തന്‍റെ ഫാമിന് 'സ്‌നോ ലൈന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൃഷിയിടം ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നൊരു ഫാമായി തീര്‍ന്നിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ.
രാവിലെ മുതല്‍ കൃഷിയിടം കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ഫാമില്‍ നിന്നുതന്നെ ശേഖരിച്ചിട്ടുള്ള പഴവര്‍ഗങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങുകയും ചെയ്യാം. സബര്‍ജിലും മരത്തക്കാളിയും മുസമ്പിയും തുടങ്ങി പതിനാല് ഇനങ്ങളോളം പഴവർഗങ്ങള്‍ ബാബുവിന്‍റെ കൃഷിയിടത്തിലുണ്ട്. ഫാമിലേക്ക് പ്രവേശിക്കുവാന്‍ ഫീസും ഈടാക്കുന്നുണ്ട്. ഇതുപോലെയുള്ള വിവിധ കൃഷിയിടങ്ങൾ തന്നെയാണ് കാന്തല്ലൂരിന്‍റെ ഭംഗിയേറ്റുന്നത്.