ഇടുക്കി : പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ജില്ലയാണ് ഇടുക്കി. സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടനവധി മനോഹര സ്ഥലങ്ങളും ഇവിടെയുണ്ട്. അതിലൊന്നാണ് ചതുരംഗപ്പാറ. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ നിന്നും ഒന്നര കിലോമീറ്റർ തമിഴ്‌നാട് അതിർത്തിയിലേക്ക് വനപാതയിലൂടെ സഞ്ചരിച്ചാൽ ചതുരംഗപാറ മലഞ്ചെരുവിന് താഴ്വാരത്ത് എത്താം. എങ്ങും പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാല്‍ കണ്ണില്‍ നിറയുന്ന മനോഹരക്കാഴ്‌ചകളുമെല്ലാം ചതുരംഗപ്പാറയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കും.
ട്രക്കിങ് ഇഷ്‌ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ഇവിടം. പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ചതെന്ന് ഐതിഹ്യമുള്ള കുന്നിൻമുകളാണ് ചതുരംഗപാറ. ചതുരംഗപ്പാറയിലേക്കെത്താൻ മുമ്പ് ടാർ ചെയ്‌ത റോഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. അതിനാൽ തന്നെ കുന്നിൻ മുകളിലേക്ക് എത്താൻ ഓഫ് റോഡ് ജീപ്പുകൾ ലഭ്യമാണ്.
ജീപ്പുകളിൽ കയറി കാറ്റാടികൾക്ക് വലംവച്ച് കുന്നിൻ നെറുകയിലേക്ക് എത്തുമ്പോൾ തന്നെ കാഴ്‌ചയുടെ മാസ്‌മരിക ലോകം മുന്നിലെത്തും. കിലോമീറ്ററുകളോളം ദൂരെ സഹ്യ പർവതനിരകളുടെ കാഴ്‌ച ഒരു കാൻവാസിൽ വരച്ചു ചേർത്തത് പോലെ കാണാം. കണ്ണ് എത്താത്തത്ര ദൂരത്തോളം നീണ്ടുകിടക്കുന്ന തമിഴ്‌നാടൻ ഗ്രാമീണ ഭംഗിയും മതിയാകുവോളം ആസ്വദിക്കാം.
മലമുകളിലെത്തിയാൽ സദാസമയവും വീശിയടിക്കുന്ന കാറ്റിന്‍റെ കുളിരിൽ കാറ്റാടി പാടങ്ങളുടെ വിദൂര കാഴ്‌ച കാണാം. ഒരുവശത്ത് തമിഴ്‌നാട്, മറുവശത്ത് കേരളത്തിലെ മലനിരകൾ... ആഹാ സഞ്ചാരികളുടെ മനം നിറയ്ക്കാൻ ഇത് ധാരാളമാണ്.
എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ പരാതികൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ അതും ഇപ്പോൾ പരിഹരിക്കപ്പെടും. ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പാർക്ക് ഉൾപ്പെടെയുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരള തമിഴ്‌നാട് അതിർത്തിയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി ചതുരംഗപ്പാറ മാറുമെന്ന കാര്യത്തിൽ സംശയമില്ല.
Also Read: നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍; അണിഞ്ഞൊരുങ്ങി കിഴക്കുപുറത്തെ പാടങ്ങള്‍