കാസർകോട്: 'ചറുമുറു' എന്ന് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ചിലപ്പോൾ കൗതുകം തോന്നിയേക്കാം. എന്നാൽ കാസർകോടുകാരുടെ ഇഷ്‌ട ഭക്ഷണമാണ് ചറുമുറു. ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ കാസർകോട്ടെ ചറുമുറുവിന്‍റെ രുചി എത്തിയിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ നാട്ടിൻ പുറങ്ങളിലെ തട്ടുകടകളിൽ ചറുമുറു കഴിക്കാൻ വേണ്ടി മാത്രം നിരവധിപ്പേരെത്തും. പൈക്കത്തെ നവാസിന്റെ തട്ടുകട ചറുമുറുവിന് പേരുകേട്ടതാണ്. കാസർകോട്ടെ ചിലർ ഇതിനെ 'ചറുമുറി' എന്നും വിളിക്കാറുണ്ട്.
വെറും മൂന്ന് മിനിറ്റ് കൊണ്ട് ഉണ്ടാക്കാം എന്നതാണ് ചറുമുറുവിന്‍റെ ഒരു പ്രത്യേകത. ചറുമുറുവും അതിന്‍റെ മുകളിൽ മുട്ട ബുൾസൈയും ഇത്തിരി ആട്ടിൻ സൂപ്പും കൂടി ആയാൽ സംഗതി പൊളിക്കും. ബംഗാൾ വഴി കർണാടകയിൽ നിന്നും കാസർകോട് എത്തിയ വിഭവമാണ് ചറുമുറുവെന്ന് പറയപ്പെടുന്നു.
പൊരിയും തക്കാളിയും ഉള്ളിയും പച്ചമുളകും മല്ലി ഇലയും പുഴുങ്ങിയ മുട്ടയുടെ ചെറിയ കഷണങ്ങളും മസാലക്കൂട്ടുകളും വെളിച്ചെണ്ണയും ഉപ്പും ചേർത്താണ് ചറുമുറു ഉണ്ടാക്കുന്നത്. ബ്രെഡ് ചറുമുറു അടക്കം അഞ്ചോളം വ്യത്യസ്‌ത ടേസ്റ്റുകളില്‍ ഈ വിഭവമുണ്ട്. കാസർകോട് എത്തുന്ന മറ്റ് ജില്ലക്കാരും ചറുമുറുവിനെ അന്വേഷിക്കാതെ മടങ്ങാറില്ല.
ഉത്സവ പറമ്പുകളിൽ ചറുമുറു ഉണ്ടാക്കാറുണ്ടെങ്കിലും മുട്ട ചേർക്കാറില്ല. വീട്ടിലും എളുപ്പത്തിൽ ചറുമുറു ഉണ്ടാക്കാം. ഏതായാലും മഴയ്‌ക്കൊപ്പം കറുമുറാ ചറുമുറു കഴിച്ചാൽ വയറും ഒപ്പം മനസും നിറയും.
ALSO READ: ഉച്ചയൂണിന് പകരം ഉച്ചക്കഞ്ഞി വിളമ്പി മട്ടന്നൂര്‍ കഫേ ; ആവിപറക്കും കഞ്ഞിക്കായി ആവശ്യക്കാരേറെ