പാരിസ്: അറസ്റ്റിലായ ടെലഗ്രാം ആപ്പിന്‍റെ സ്ഥാപകനും സിഇഒയുമായ പവേൽ ദുരോവിന് 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ടെലഗ്രാമിലൂടെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേൽ ദുരോവ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ഫ്രെഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓഗസ്റ്റ് 24നായിരുന്നു ഫ്രാൻസിലെ വിമാനത്താവളത്തിൽ നിന്ന് പവേലിനെ അറസ്റ്റ് ചെയ്‌തത്.
ടെലഗ്രാമിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പവേൽ ദുരോവിന് നേരെ ഉയർന്നത്. കുറ്റം തെളിഞ്ഞാൽ അദ്ദേഹത്തിന് 20 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് വിവരം.
ആരാണ് പവേൽ ദുരോവ്: റഷ്യയില്‍ ജനിച്ച പവേല്‍ ദുരോവ് ടെലഗ്രാം ആസ്ഥാനമായുള്ള ദുബായിലാണ് താമസിച്ചിരുന്നത്. ഫ്രഞ്ച്, യുഎഇ എന്നിവിടങ്ങളിലായി അദ്ദേഹത്തിന് ഇടട്ട പൗരത്വമുണ്ട്. 2022 ൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ 120-ാം സ്ഥാനം ദുരോവിനായിരുന്നു. യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി ഫോർബ്‌സ് മാസിക അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. സ്വിസ് ബാങ്കിൽ അദ്ദേഹത്തിന് 300 മില്യൺ ഡോളർ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് വിവരം.
2013ൽ പവേല്‍ ദുരോവും സഹോദരൻ നിക്കോളായ് ദുരോവും ചേർന്ന് സ്ഥാപിച്ച ടെലഗ്രാമിന് നിലവിൽ 900 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ടെലഗ്രാമിന് മുൻപ് അദ്ദേഹത്തിന് റഷ്യയിൽ വികെ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു. എന്നാൽ വികെയിൽ പ്രതിപക്ഷ കമ്മ്യൂണിറ്റികളെ നിരോധിക്കണമെന്ന സർക്കാർ ആവശ്യങ്ങൾ അനുസരിക്കാൻ വിസമ്മതിച്ച പവേൽ ദുരോവ് 2014 ൽ റഷ്യ വിടുകയായിരുന്നു.
പിന്നീട് ടെലഗ്രാം വളർന്നു വന്നെങ്കിലും റഷ്യൻ സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2018 ൽ ടെലഗ്രാമിനെ തടയിടാൻ റഷ്യ ശ്രമിച്ചു. പിന്നീട് പവേല്‍ ദുരോവിനെതിരെ ഫ്രാൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനുശേഷം അദ്ദേഹം ഫ്രാൻസിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും കൂടുതല്‍ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം.
അസർബൈജാനിൽ നിന്നുള്ള വിമാനത്തിൽ ബർഗെറ്റ് എയർപോർട്ടിൽ എത്തിയ പവേലിനെ ഫ്രാൻസിലെ ആന്‍റി ഫ്രോഡ് ഓഫിസിലെ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. ടെലഗ്രാമിലൂടെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ദുരേവ് പരാജയപ്പെട്ടുവെന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. ഫ്രാൻസിലെ റഷ്യൻ എംബസി സ്ഥിതിഗതികൾ വിലയിരുത്താൻ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം.