കാസർകോട്: വാഹന പ്രേമികളുടെ ഇഷ്‌ട വാഹനങ്ങളിൽ ഒന്നാണ് സ്‌കോഡ. ഇന്ത്യ 2.0 പദ്ധതിയിലൂടെ ആഭ്യന്തര വിപണിയിൽ കുതിക്കുന്നതിനിടെയാണ് വമ്പൻ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത് എത്തിയത്. സ്കോഡയുടെ പുത്തൻ വാഹനം പുറത്തിറക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. കാരണം സ്കോഡ പുറത്തിറക്കുന്ന പുതിയ വാഹനത്തിന്‍റെ പേര് നിർദേശിച്ചത് ഒരു കാസർകോടുകാരനാണ്.
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ പുതിയ എസ്‌യുവി മോഡലിന് പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. "കൈലാഖ്" എന്നാണ് ഈ വാഹനത്തിന്‍റെ പേര്. ഒറ്റ പേരിലൂടെ ഒരു കാർ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് സിയാദ്. കോംപാക്‌ട് എസ്‌യുവി ആണ് സ്കോഡ പുറത്തിറക്കുന്നത്. സ്കോഡ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനമായി ലഭിക്കും. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്‍റെ ക്രെഡിറ്റ് ഒരു മലയാളിക്കാണെന്ന് സ്‌കോഡ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിക്കുകയും ചെയ്‌തിരുന്നു.
Finally, it is the time for the big winner...
— Škoda India (@SkodaIndia) August 21, 2024
Congratulations to Mr. Mohammed Ziyad from Kerala for winning the all-new #SkodaKylaq. He will be the first owner when it is launched next year. New adventures and new explorations with your family await!#SkodaIndiaNewEra pic.twitter.com/KkOiJJHsIT
2024 ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേ മാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. സ്‌ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്‍റെ സംസ്‌കൃത പദമാണ് 'കൈലാഖ്'.
2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്. 'കെ' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആരംഭിച്ച് 'ക്യൂ' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു നിബന്ധന. ഇതിനായി 'നെയിം യുവര്‍ സ്‌കോഡ' എന്ന വെബ്സൈറ്റും സ്‌കോഡ ആരംഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു കൈലാഖ്.
താന്‍ പേരിട്ട വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് വീട്ടിലെത്തുമെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സിയാദ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഒന്നാം സ്ഥാനക്കാരന് വാഹനം ലഭിക്കുന്നതിനൊപ്പം 10 പേര്‍ക്ക് സ്‌കോഡയുടെ പ്രാഗിലെ പ്ലാന്‍റ് സന്ദര്‍ശിക്കാനുള്ള അവസരവും സ്‌കോഡ നല്‍കുന്നുണ്ട്. ഈ പത്തുപേരില്‍ കോട്ടയം സ്വദേശിയായ രാജേഷ് സുധാകരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് കൈലാഖ് എന്ന പേര് തെരഞ്ഞെടുത്തത്. രണ്ടു ലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തെരഞ്ഞെടുത്തത്. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് ഇദ്ദേഹം.
കൈലാസ പര്‍വ്വതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കോംപാക്‌ട് എസ്‌യുവി ഒരുക്കുന്നതെന്നാണ് സ്‌കോഡ നല്‍കിയിരിക്കുന്ന വിശദീകരണം. നിലവില്‍ ഇന്ത്യയിലെ സ്‌കോഡയുടെ എസ്‌യുവികളുടെയെല്ലാം പേരുകള്‍ 'കെ' എന്ന അക്ഷരത്തിൽ ആരംഭിച്ച് 'ക്യൂ' എന്ന അക്ഷരത്തിൽ അവസാനിക്കുന്നവയാണ്. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണെങ്കിലും സ്‌കോഡയ്ക്ക് വേരോട്ടമുള്ള ഏതാനും രാജ്യങ്ങളിലേക്കും ഈ കോംപാക്‌ട് എസ്‌യുവി എത്തിക്കും. പുതിയ സ്‌കോഡ കൈലാഖ് 114 bhp പവറും 178 Nm ടോർക്കുമുള്ള 1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനിലായിരിക്കും പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ; അറിയാം പുതിയ ഫീച്ചറുകൾ