ഹൈദരാബാദ്: സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സജ്ജീകരിച്ച ലോകത്തിലെ ആദ്യത്തെ ബോയിങ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. വിമാനയാത്രക്കിടയിലും യാത്രക്കാർക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് ഇത്. പുതിയ സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സംവിധാനം വഴി വിമാനയാത്രക്കിടയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും ബിസിനസ് മീറ്റിങുകളിൽ പങ്കെടുക്കാനും കഴിയും.
ദോഹയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസിലാണ് സ്റ്റാർലിങ്ക് ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി ഘടിപ്പിച്ചത്. ഇതോടെ സ്റ്റാർലിങ് അൾട്രാ-ഹൈ-സ്‌പീഡ്, ലോ-ലേറ്റൻസി തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് വാഗ്‌ദാനം ചെയ്യുന്ന മെന മേഖലയിലെ ആദ്യത്തെ എയർലൈനായി ഖത്തർ എയർവേയ്‌സ് വീണ്ടും ശ്രദ്ധ നേടുകയാണ്. ബോയിങ് വിമാനത്തിൽ സ്റ്റാർലിങ്ക് പ്രവർത്തിപ്പിക്കുന്നതിന് ആദ്യത്തെ സപ്ലിമെന്‍ററി ടൈപ്പ് സർട്ടിഫിക്കറ്റും (എസ്‌ടിസി) വിമാനത്തിന് സ്വന്തമായി.
#QatarAirways launches the world’s first Boeing 777 Starlink-equipped flight. @Starlink
— Qatar Airways (@qatarairways) October 22, 2024
We are proud to be the airline that leads the way, setting new standards in the airline industry. ✈️#QatarAirwaysStarlink pic.twitter.com/347ZnclANb
സ്റ്റാർലിങ്ക് ഘടിപ്പിച്ച പന്ത്രണ്ട് ബോയിങ് 777-300 വിമാനങ്ങൾ ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിക്കും. 2025 ആവുമ്പോഴേക്കും 64 ബോയിംഗ് 777 വിമാനങ്ങളിലേക്ക് കൂടി ഈ സാങ്കേതികവിദ്യ വികസിപ്പിക്കും. സ്റ്റാർലിങ്കിന്‍റെ സേവനം എല്ലാ യാത്രക്കാർക്കും സൗജന്യമായിരിക്കും. ബോർഡിങ് ഗേറ്റ് മുതൽ സേവനം ഉപയോഗപ്പെടുത്താനുമാകും. അതിവേഗ ഇന്‍റർനെറ്റാകും സ്റ്റാർലിങ്ക് യാത്രക്കാർക്കായി നൽകുന്നത്.