സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങൾ വികസിപ്പിച്ച നിര്‍മ്മിത ബുദ്ധിയായ ചാറ്റ് ജിപിടിയുമായി ജനങ്ങള്‍ വൈകാരിക ബന്ധം സ്ഥാപിച്ചിരിക്കുന്നതില്‍ ആശങ്കയുണ്ടെന്ന വെളിപ്പെടുത്തലുമായി ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പണ്‍ എഐ. ഏറ്റവും അടുത്ത ബന്ധമുള്ള ഒരാളോട് സംവദിക്കും വിധമാണ് ജനങ്ങള്‍ ചാറ്റ് ജിപിടിയോട് ഇടപെടുന്നതെന്നും ഇത് സാമൂഹികമായ ബന്ധങ്ങളെയും മാനദണ്ഡങ്ങളെയും സ്വാധീനിച്ചേക്കാമെന്നും സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഇന്ന് നമ്മള്‍ ഒത്തുള്ള അവസാന ദിനമാണ് എന്ന മട്ടിലൊക്കെ ചാറ്റ്ജിപിടിയുമായി ജനങ്ങള്‍ ഇടപെടുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. എഐയുമായി ഇടപഴകുന്നതുപോലെ മനുഷ്യരുമായി ഇടപെടേണ്ടിവന്നാൽ അവിടെ വിശ്വാസ്യതയുടെ പ്രശ്‌നം ഉദിക്കും. എഐ മാതൃകയുമായുള്ള ഇടപെടൽ സാമൂഹിക മാനദണ്ഡങ്ങളെ സ്വാധീനിച്ചേക്കാം എന്നും ഓപ്പൺ എഐയുടെ റിപ്പോർട്ട് പറയുന്നു. ചാറ്റ് ജിപിടിയിലെ ശബ്‌ദം ആളുകളെ എങ്ങനെയാണ് വൈകാരികമായി സ്വാധീനിക്കുന്നതെന്ന് കണ്ടെത്താൻ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് ഓപ്പൺ എഐ വ്യക്തമാക്കിയിട്ടുണ്ട്
തങ്ങളുടെ എഐ മോഡലുകൾ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ഒരു കാര്യം പറയുമ്പോൾ എപ്പോൾ വേണമെങ്കിലും തടസ്സപ്പെടുത്താൻ അത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഒരു ഏഐയിൽ നിന്ന് പ്രതീക്ഷിക്കാമെങ്കിലും മനുഷ്യരുമായുള്ള ഇടപെടലിൽ അത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഓപ്പൺ എഐ ചൂണ്ടിക്കാട്ടുന്നു. സംഭാഷണം നടത്തുമ്പോൾ വിശദാംശങ്ങൾ ഓർമ്മിക്കാൻ അടക്കമുള്ള AI-യുടെ കഴിവ് ആളുകളെ സാങ്കേതികവിദ്യയിൽ അമിതമായി ആശ്രയിക്കാൻ ഇടയാക്കുമെന്നും ഓപ്പൺ എഐ അഭിപ്രായപ്പെട്ടു. AI ഒരിക്കലും യഥാർത്ഥ മനുഷ്യരുമായുള്ള ഇടപഴകലുകൾക്ക് പകരമാകരുതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഓപ്പൺ എഐ ഉയർത്തുന്ന ആശങ്കയിൽ പ്രതികരിച്ച് കോപ്പി ലീക്‌സ് എന്ന എഐ ആൻ്റി പ്ളാജിയേരിസം പ്ലാറ്ഫോം സ്ഥാപകൻ അലോൺ യാമിൻ രംഗത്തെത്തി. ഈ സാങ്കേതികവിദ്യ മനുഷ്യരുടെ ഇടപെടലുകളെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കേണ്ട സമയമാണോ ഇതെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. AI ഒരിക്കലും യഥാർത്ഥ മനുഷ്യ ഇടപെടലിന് പകരമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.