വാഷിങ്ടണ്‍: നാസയുടെ ബഹിരാകാശ പേടകമായ ബോയിങ് സ്റ്റാര്‍ലൈനറിന്‍റെ വിക്ഷേപണം വിജയകരം. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസാണ് പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്നത്. കാലിപ്‌സോ എന്ന് പേരിട്ടിരിക്കുന്ന പേടകം യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്.
രാത്രി 8.22ഓടെയാണ് പേടകം പറന്നുയര്‍ന്നത്. ബഹിരാകാശത്തേക്ക് പറന്നുയര്‍ന്ന സ്റ്റാര്‍ലൈനറിന് ശരിയായ ഭ്രമണപഥം ലഭിച്ചിട്ടുണ്ട്. ഒരു ദിവസത്തിന് ശേഷം ഇത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.
നിലവില്‍ യുഎസിന് ഭ്രമണപഥത്തില്‍ മൂന്ന് ക്രൂഡ് ബഹിരാകാശ വാഹനങ്ങളുണ്ട്. 10 ദിവസം നീളുന്നതാണ് സ്റ്റാര്‍ലൈനറിന്‍റെ ദൗത്യം. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണമാണിത്. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്.
പരീക്ഷണത്തില്‍ സുനിത വില്യംസിന് ഭാഗമാകാനായതില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. ബഹിരാകാശത്തേക്കുള്ള സുനിതയുടെ മൂന്നാമത്തെ യാത്രയാണിത്. 'കാലിപ്‌സോ' ക്യാപ്‌സ്യൂൾ വഹിച്ച് കൊണ്ടാണ് പേടകത്തിന്‍റെ കുതിപ്പ്.