ഹൈദരാബാദ്: ഭൂമിയിൽ മിനി മൂൺ ദൃശ്യമായി. ഇന്നലെ (സെപ്‌റ്റംബർ 29) മുതലാണ് 2024 PT5 എന്നറിയപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാൻ ആരംഭിച്ചത്. അടുത്ത 56 ദിവസം മിനിമൂൺ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹം ഭൂമിയെ ചുറ്റും.
അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്‍റെ ഭാഗമാണ് മിനിമൂൺ. പേര് പോലെ തന്നെ മിനി മൂണിന് ഭൂമിയെ അപേക്ഷിച്ച് കുറഞ്ഞ വലിപ്പമേയുള്ളൂ. 10 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം. മിനി മൂൺ ഭൂമിക്ക് യാതൊരു ദോഷവും ഉണ്ടാക്കുന്നില്ല.
അപൂർവമായാണ് ഛിന്നഗ്രഹങ്ങൾ ഭൂമിയെ വലയം ചെയ്യുന്നത്. മിനി മൂൺ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകില്ല. ദൂരദർശിനി പോലെയുള്ള ഉപകരണങ്ങളിലൂടെയാണ് കാണാൻ സാധിക്കുക. നവംബർ അവസാനത്തോടെയായിരിക്കും ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് അകലുന്നത്. പിന്നീട് 2055ൽ വീണ്ടും ഭൂമിയ്‌ക്ക് അടുത്തെത്താനാണ് സാധ്യത.
"ഭൂമിക്കും ചൊവ്വയ്‌ക്കും ഇടയിലുള്ള അർജുന ഛിന്നഗ്രഹ വലയത്തിലാണ് സാധാരണയായി ഛിന്നഗ്രഹം ഭ്രമണം ചെയ്യുന്നത്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ഭ്രമണപഥത്തിലേക്ക് പിടിച്ചടക്കുകയാണ്. ഇത് ചന്ദ്രനോടൊപ്പം അർദ്ധവൃത്താകൃതിയിൽ ഭൂമിയെ ചുറ്റും"- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഫിസിക്‌സ് പ്രൊഫസർ അഭയ് കുമാർ സിങിന്‍റെ വാക്കുകൾ.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമോ?
ചന്ദ്രനേക്കാൾ വളരെ ചെറുതാണ് മിനി മൂൺ. ചന്ദ്രന്‍റെ അത്ര പ്രകാശപൂരിതമല്ല ഈ ഛിന്നഗ്രഹം. പാറ കൊണ്ടുള്ള പരുക്കൻ വസ്‌തുക്കളാൽ നിർമിതമാണ് മിനി മൂൺ. അതിനാൽ തന്നെ മിനി മൂൺ നഗ്നനേത്രങ്ങൾ കൊണ്ട് ഭൂമിയിൽ നിന്ന് നിരീക്ഷിക്കാനാകില്ല. 30 ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് ഭൂമിയിൽ നിന്ന് കാണാനാകും. നാസയും മറ്റ് ശാസ്ത്രജ്ഞരും ഈ ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കും.
മിനി മൂൺ അപകടകാരിയോ?
2013ൽ ഭൂമിക്ക് സമീപം കടന്നുപോയ ഒരു ഛിന്നഗ്രഹം പൊട്ടിത്തെറിച്ചിരുന്നു. ഇതുമൂലം റഷ്യയിലെ ചെല്യാബിൻസ്‌കിലെ ചില പ്രദേശം തകർന്നിരുന്നു. തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഭൂമിയിൽ നിന്ന് ഏകദേശം 2.6 ദശലക്ഷം അകലത്തിലാണ് മിനി മൂൺ ഭ്രമണം ചെയ്യുന്നത്. ഈ ദൂരം ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തേക്കാൾ 10 മടങ്ങ് കൂടുതലാണ്. അതിനാൽ തന്നെ 2024 PT5 ഭൂമിക്ക് യാതൊരു അപകടവും വരുത്തില്ല.
33 അടിയാണ് മിനി മൂണിൻ്റെ വലിപ്പം. മണിക്കൂറിൽ 3540 കിലോമീറ്റർ വേഗതയിലാണ് ഭൂമിയെ ചുറ്റുന്നത്. 56 ദിവസത്തിന് ശേഷം മിനി മൂൺ അതിന്‍റെ ഭ്രമണപഥമായ അർജുൻ ബെൽറ്റിലേക്ക് മടങ്ങും.
Also Read: ഇനി അർക്കയും അരുണികയും കാലാവസ്ഥ പ്രവചിക്കും; 850 കോടി ചെലവിൽ എച്ച്പിസി വരുന്നു