ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്‌ക്കരണം നൽകാനൊരുങ്ങി മെറ്റ. കേന്ദ്ര സർക്കാറുമായി സഹകരിച്ചാണ് സുരക്ഷ കാമ്പെയിൻ മെറ്റ നടപ്പാക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും, സുരക്ഷിതമായ ഡിജിറ്റൽ രീതികൾ എങ്ങനെ പിന്തുടരാമെന്നും ജനങ്ങളിൽ കൃത്യമായ അവബോധമുണ്ടാക്കാനാണ് കാമ്പയിനിലൂടെ മെറ്റ പ്രധാനമായും ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാറിന്‍റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം(MeitY), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C), ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം (MIB) എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. 'തട്ടിപ്പിന് ഇരയാകാതെയിരിക്കൂ' എന്നർഥം വരുന്ന 'സ്‌കാം സെ ബച്ചോ' എന്ന പേരിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. 9 ഇന്ത്യൻ ഭാഷകളിൽ രണ്ട് മാസം നീണ്ടുനിൽക്കുന്നതായിരിക്കും കാമ്പയിൻ.
രാജ്യത്ത് വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. കാമ്പയിനിന്‍റെ ഭാഗമായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ദൂരദർശനിൽ ടോക്ക് ഷോകൾ, അഭിഭാഷകർക്കായി പരിശീലന സെഷനുകൾ, സിനിമ പ്രദർശനം തുടങ്ങിയവ നടത്തും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടെ കാണികൾക്ക് പരിചയപ്പെടുത്തുന്നതായിരിക്കും പ്രദർശിപ്പിക്കുന്ന സിനിമ.
മെറ്റയുടെ സൈബർ സുരക്ഷ ടൂളുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ എങ്ങനെ കണ്ടെത്താമെന്നും, അവയിൽ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാമെന്നും മെറ്റ ജനങ്ങളെ ബോധവത്‌കരിക്കും. ഓൺലൈൻ തട്ടിപ്പുകളെ തടയാൻ ലഭ്യമിട്ടുള്ള മെറ്റയുടെ പരിപാടിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്‌ണൻ പറഞ്ഞു.
900 ദശലക്ഷത്തിലധികം ഇൻ്റർനെറ്റ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. യുപിഐ ഇടപാടുകളിൽ വലിയ വർധനവുമായി ആഗോള ഡിജിറ്റൽ വിപ്ലവത്തിന് നേതൃത്വം നൽകുന്ന രാജ്യം കൂടെയാണ് ഇന്ത്യ. അതിനാൽ തന്നെ രാജ്യത്ത് സൈബർ സുരക്ഷയും അത്രയും തന്നെ പ്രാധാന്യമർഹിക്കുന്നതാണ്. അതിനാൽ തന്നെ മെറ്റയുടെ കാമ്പയിനിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷിക്കുന്നുവെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.