ചെന്നൈ: നൂതന ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 2023 വര്‍ഷത്തില്‍ പേറ്റന്‍റുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് മദ്രാസ് ഐഐടി പുത്തന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 156 പേറ്റന്‍റുകളാണ് തൊട്ട് മുമ്പത്തെ കൊല്ലം ഇവര്‍ നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമിത് 300 എണ്ണമാക്കാന്‍ ഐഐടിക്ക് കഴിഞ്ഞു. ബൗദ്ധിക സ്വത്ത് നിര്‍മ്മിതിയില്‍ നിര്‍ണായക നേട്ടമാണ് ചെന്നൈ ഐഐടി സ്വന്തമാക്കിയിരിക്കുന്നത്(IIT Madras).
സാങ്കേതിക രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതില്‍ ഐഐടി നല്‍കുന്ന പ്രധാന്യവും ഈ നേട്ടം വിളിച്ചോതുന്നു. വിവിധ മേഖലകളില്‍ നൂതന കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ഐഐടിക്ക് സാധിച്ചു. വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍, റോബോട്ടിക്സ്, നിര്‍മ്മിത സാങ്കേതികതകള്‍, വ്യോമയാന-ബയോമെഡിക്കല്‍ ആപ്ലിക്കേഷനുകള്‍, തുടങ്ങിയ മേഖലകളിലാണ് ഐഐടിയുടെ നേട്ടം(Doubles Patents Granted in 2023).
പേറ്റന്‍റ് സഹകരണ കരാര്‍ പ്രകാരം നല്‍കിയ രാജ്യാന്തര പേറ്റന്‍റുകളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2023ല്‍ 105 രാജ്യാന്തര പേറ്റന്‍റുകളാണ് ലഭിച്ചത്. തൊട്ടുമുമ്പത്തെ കൊല്ലമിത് 58 ആയിരുന്നു. മദ്രാസ് ഐഐടി നടത്തുന്ന നൂതന ഗവേഷണങ്ങള്‍ക്കുള്ള ആഗോള അംഗീകാരമായാണ് ഇതിനെ വിലയിരുത്തുന്നത്( Intellectual Property Generation).
ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ 221 പേറ്റന്‍റുകള്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 163 എണ്ണം ഇന്ത്യന്‍ പേറ്റന്‍റുകളും 63 എണ്ണം രാജ്യാന്തര പേറ്റന്‍റുകളുമാണ്. ബൗദ്ധിക സ്വത്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും മദ്രാസ് ഐഐടി പ്രതിജ്ഞാബദ്ധമാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും ഗവേഷകരെയും ഗവേഷണ കേന്ദ്രത്തെയും മദ്രാസ് ഐഐടി മേധാവി പ്രൊഫ.കാമകോടി അഭിനന്ദിച്ചു. അവരുടെ സമഗ്ര പ്രവര്‍ത്തനങ്ങളും ബൗദ്ധിക സ്വത്തവകാശ കൈമാറ്റത്ിതലെ സമഗ്ര പരിപാടികളുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം സാങ്കേതിക രംഗത്ത് ഒരു സൂപ്പര്‍ പവര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദ്ധി ആഘോഷവേളയിലേക്ക് കടക്കുന്ന വേളയിലുള്ള ഇത്തരം നേട്ടങ്ങള്‍ സാങ്കേതിക രംഗത്തെ ഒരു ശക്തിയായി നാം മാറുന്നുവെന്നതിന്‍റെ സൂചനകളാണ് നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്‍റെ സാങ്കേതിക രംഗത്ത് മദ്രാസ് ഐഐടി നല്‍കുന്ന സംഭാവനകള്‍ സമാനതകളില്ലാത്തതാണ്.