ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?. എന്നാല്‍, ഇനി അതിനുവേണ്ടി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളില്‍ ചേരുകയോ പെയ്‌ഡ് ആപ്പുകളുടെ സഹായം തേടുകയോ വേണ്ട. നിങ്ങളുടെ കൈവശമുള്ള സ്‌മാര്‍ട്ട്‌ഫോണില്‍ വെറുതെ ഗൂഗിള്‍ ഒന്ന് ഓപ്പണ്‍ ചെയ്‌താല്‍ മതി.
അതെ, ഉപയോക്താക്കളുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി 'സ്‌പീക്കിങ് പ്രാക്‌ടീസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. എഐ സഹായത്തോടെ നമുക്ക് ലഭിക്കുന്ന ഒരു ലേണിങ് എക്‌സസൈസ് ആയിരിക്കും ഇത്. ഇതിലൂടെ, ദൈനംദിന സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന പുതിയ വാക്കുകൾ നമുക്ക് പഠിച്ചെടുക്കാൻ സാധിക്കുമെന്നാണ് ടെക് ഭീമന്മാര്‍ അവകാശപ്പെടുന്നത്. നിലവില്‍ ഇന്ത്യ, അർജൻ്റീന, കൊളംബിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളിലെ ഗൂഗിള്‍ ലാബ്‌സുകളിലാണ് (ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്‍റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതിനും ഫീഡ്‌ബാക്ക് അറിയിക്കുന്നതിനുമുള്ള പ്രോഗ്രാം) 'സ്‌പീക്കിങ് പ്രാക്‌ടീസ്' സൗകര്യം ലഭ്യമാകുന്നത്.
അമേരിക്കൻ ഓണ്‍ലൈൻ ന്യൂസ് പ്ലാറ്റ്‌ഫോമായ ടെക് ക്രഞ്ച് നല്‍കുന്ന വിവരം അനുസരിച്ച് എക്‌സില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്‌ത സ്ക്രീൻ ഷോട്ടില്‍ നിന്നാണ് ഗൂഗിളിന്‍റെ 'സ്‌പീക്കിങ് പ്രാക്‌ടീസിനെ കുറിച്ചുള്ള വിവരം ശ്രദ്ധിക്കപ്പെടുന്നത്. ഉപയോക്താവിനോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ഫീച്ചര്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. നിർദ്ദിഷ്‌ട വാക്കുകൾ ഉപയോഗിച്ച് വേണം ഈ ചോദ്യത്തിന് ഉപയോക്താവ് മറുപടി പറയേണ്ടത്.
ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ സംസാരിക്കാൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഫീച്ചറിന്‍റെ പ്രധാന ലക്ഷ്യം. കൂടാതെ, ഇതിലൂടെ വ്യത്യസ്‌ത വാക്കുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള അറിവ് നല്‍കാനും ലക്ഷ്യമിടുന്നു.