ഹൈദരാബാദ്: ലോകത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ് കാലാവസ്ഥ പ്രവചനം. ശാസ്‌ത്രം വളർന്നെങ്കിലും പലപ്പോഴും കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കുകയെന്നത് പ്രയാസകരമായി മാറിയിരിക്കുകയാണ്. പെട്ടന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നിരവധി പേരുടെ മരണങ്ങൾക്ക് കാരണമാകാറുണ്ട്.
കാലാവസ്ഥ പ്രവചനത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. 8 മിനിറ്റിനുള്ളിൽ 15 ദിവസത്തെ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ഓപ്പൺ എഐ മോഡലുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ഇപ്പോൾ. ജെൻകാസ്റ്റ്(GenCast) എന്ന പേരിലാണ് ഈ എഐ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
ഗൂഗിളിൻ്റെ ബ്രിട്ടീഷ്-അമേരിക്കൻ എഐ റിസർച്ച് ലാബായ ഗൂഗിൾ ഡീപ് മൈൻഡ് ആണ് ജെൻകാസ്റ്റിന് പിന്നിൽ. ലണ്ടൻ ആസ്ഥാനമായാണ് ഈ എഐ റിസർച്ച് ലാബ് പ്രവർത്തിക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിന് മറ്റെല്ലാ മോഡലുകളേക്കാളും മികച്ചതാണ് ജെൻകാസ്റ്റ് എന്നാണ് ഡീപ് മൈൻഡ് എഐ റിസർച്ച് ലാബ് അവകാശപ്പെടുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥ വ്യതിയാനങ്ങൾ കൃത്യമായി മുൻകൂട്ടി പ്രവചിക്കാനാകുന്നതോടെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും രക്ഷ നേടാമെന്നാണ് എഐ റിസർച്ച് ലാബ് പറയുന്നത്.
"കാലാവസ്ഥ പ്രവചനത്തിനായുള്ള പരമ്പരാഗത മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ജെൻകാസ്റ്റ് എഐ മോഡൽ വളരെ വേഗത്തിൽ പ്രവർത്തിക്കും. കൂടുതൽ കൃത്യമായ വിവരങ്ങളും നൽകും". ജെൻകാസ്റ്റിന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ഡീപ് മൈൻഡിലെ മുതിർന്ന ശാസ്‌ത്രജ്ഞനായ ഇലാൻ പ്രൈസിന്‍റെ വാക്കുകൾ.
ജെൻകാസ്റ്റ് മോഡൽ ഡിസൈൻ ചെയ്യുന്നതിന് മുൻപ് ഡീപ് മൈൻഡ് കാലാവസ്ഥാ പ്രവചനത്തിനായി മറ്റൊരു എഐ മോഡൽ വികസിപ്പിച്ചിരുന്നു. 10 ദിവസത്തെ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാൻ ശേഷിയുള്ളതായിരുന്നു ഈ മോഡൽ. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 15 ദിവസത്തെ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാവുന്ന ജെൻകാസ്റ്റ് വികസിപ്പിച്ചത്.
ഗൂഗിൾ ക്ലൗഡ് ടിപിയു വി5 സാങ്കേതികവിദ്യ വഴി 8 മിനിറ്റിനുള്ളിൽ 15 ദിവസത്തെ കാലാവസ്ഥ പ്രവചിക്കാനാകുമെന്നാണ് ഗൂഗിൾ പറയുന്നത്. അതേസമയം സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തുന്ന പരമ്പരാഗത കാലാവസ്ഥാ പ്രവചനത്തിന് മണിക്കൂറുകളെടുക്കും. കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി മറ്റ് ഏജൻസികളുമായും ശാസ്ത്രജ്ഞരുമായും ഭാവിയിൽ സഹകരിക്കുമെന്നും ഗൂഗിൾ പറഞ്ഞു.
പ്രയോജനമെന്ത്?
ഗൂഗിളിന്‍റെ പുതിയ മോഡൽ വരുന്നതോടെ ഗൂഗിളിന്‍റെ കാലാവസ്ഥ പ്രവചനം (Google weather prediction) കൂടുതൽ കൃത്യത കൈവരിക്കും. ഇത് പ്രകൃതി ദുരന്തങ്ങളുടെ ആഘാതങ്ങളെ ഒരു പരിധി വരെ കുറയ്‌ക്കാൻ സാധിക്കും. മാത്രമല്ല കൃഷി, ഏവിയേഷൻ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലും ഇത് പ്രയോജനകരമാകും.