ഹൈദരാബാദ്: ഭൂമിയുടെ ഭ്രമണപഥത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന താത്‌കാലിക ഉപഗ്രഹമായ മിനി മൂൺ ആഴ്‌ച്ചകൾക്കുള്ളിൽ മടങ്ങും. നവംബർ പകുതിയോടെ 2024 PT5 എന്നറിയപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറി സഞ്ചരിക്കും. ദിവസങ്ങളോളം ഭൂമിയെ വലയം ചെയ്‌ത ശേഷമാണ് മടങ്ങാനൊരുങ്ങുന്നത്.
കഴിഞ്ഞ സെപ്‌റ്റംബർ 29നാണ് ഭൂമിക്ക് രണ്ടാമത്തെ താത്‌ക്കാലിക ചന്ദ്രനെ ലഭിക്കുന്നത്. മിനി മൂൺ യഥാർത്ഥത്തിൽ ഒരു ഛിന്നഗ്രഹമാണെന്നാണ് നാസ പറയുന്നത്. നവംബർ പകുതിയോടെ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ നിന്ന് തെന്നിമാറി സൂര്യനെ ചുറ്റിയുള്ള യാത്ര പുനരാരംഭിക്കും.
നാസയുടെ ഛിന്നഗ്രഹ ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം(ATLAS) ആണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി തിരിച്ചറിയുന്നത്. മിനി മൂൺ ദൃശ്യമായതിന് ശേഷം കോംപ്ലൂട്ടൻസ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ സതർലാൻഡ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷണങ്ങൾ നടത്തിയിരുന്നു.
അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്‍റെ ഭാഗമാണ് മിനിമൂൺ. പേര് പോലെ തന്നെ മിനി മൂണിന് ഭൂമിയെ അപേക്ഷിച്ച് കുറഞ്ഞ വലിപ്പമേയുള്ളൂ. 3474.8 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ, മിനിമൂണിന് ഏകദേശം 10 മീറ്റർ വ്യാസമാണ് ഉള്ളത്. കുറഞ്ഞത് 30 ഇഞ്ച് വ്യാസമുള്ള ദൂരദർശിനി ഉപയോഗിച്ചാൽ മാത്രമേ മിനി മൂൺ നമ്മൾക്ക് ദ്യശ്യമാകൂ. ഒരു ഛിന്നഗ്രഹമാണെന്നാൽ പോലും മിനി മൂൺ ഭൂമിക്ക് യാതൊരു ദോഷവും ഉണ്ടാക്കുന്നില്ല.
Earth has a temporary, tiny companion.
— NASA JPL (@NASAJPL) October 2, 2024
While not quite a " mini moon," since it will never be captured by earth's gravity, asteroid 2024 pt5 does have a similar orbit as our planet and will linger in our vicinity for a few months. https://t.co/5fB0Mvf6nq pic.twitter.com/k6HW3GuZZn
അപൂർവമായാണ് ഛിന്നഗ്രഹങ്ങൾ ഭൂമിയെ വലയം ചെയ്യുന്നത്. സാധാരണയായി ഛിന്നഗ്രഹം ഭ്രമണം ചെയ്യുന്നത് ഭൂമിക്കും ചൊവ്വയ്‌ക്കും ഇടയിലുള്ള അർജുന ഛിന്നഗ്രഹ വലയത്തിലാണ്. ഭൂമിയുടെ ഗുരുത്വാകർഷണം മൂലമാണ് മിനി മൂൺ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിച്ചേർന്നത്. നവംബർ പകുതിയോടെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് അകലുന്ന 2024 PT5 പിന്നീട് 2055ൽ വീണ്ടും ഭൂമിയ്‌ക്ക് അടുത്തെത്താനാണ് സാധ്യത.
Also Read: ഇനി ഭൂമിക്ക് രണ്ട് ചന്ദ്രൻ: ഭൂമിയെ ചുറ്റി 'മിനി മൂൺ'; അപകടകാരിയോ ഈ ഛിന്നഗ്രഹം?