ഹൈദരാബാദ്: ലോകമെമ്പാടും പ്രതിവർഷം കോടിക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. പ്രകൃതിക്ക് വളരെയധികം ദോഷം ചെയ്യുമെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയൊരു ഭാഗവും ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റികൊണ്ട് പുനരുപയോഗം ചെയ്യുന്ന രീതികൾ നടത്തി വരുന്നുണ്ടെങ്കിലും റീസൈക്ലിങിനു ശേഷം അവയുടെ ഗുണനിലവാരം കുറയുന്നുണ്ട്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ബദൽ സംവിധാനമാണ് കെമിക്കൽ റീസൈക്ലിങ്. കെമിക്കൽ റീസൈക്ലിങ് വഴി പ്ലാസ്റ്റിക്കിന്‍റെ ഗുണനിലവാരം കുറയ്‌ക്കാതെ തന്നെ റീസൈക്ലിങ് നടത്താനാവും. നീണ്ട ചെയിൻ പ്ലാസ്റ്റിക് തന്മാത്രകളായ പോളിമറുകളെ അവയുടെ അടിസ്ഥാന നിർമാണ ബ്ലോക്കുകളായ മോണോമറുകളായി വിഘടിപ്പിക്കുന്നതാണ് കെമിക്കൽ റീസൈക്ലിങിന്‍റെ രീതി. പുതിയതും ഉയർന്ന നിലവാരമുള്ളതുമായ പ്ലാസ്റ്റിക്കുകളാക്കി ഈ മോണോമറുകളെ കൂട്ടിച്ചേർക്കുകയാണ് കെമിക്കൽ റീസൈക്ലിങിൽ ചെയ്യുന്നത്. ഈ പ്രക്രിയ വഴി പ്രധാനമായും ഇന്ധനമാണ് നിർമിക്കുക.
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നുള്ള ഇന്ധനങ്ങൾ:
കെമിക്കൽ റീസൈക്ലിങിലൂടെ നീണ്ട പോളിമർ ശൃംഖലകളെ ചെറിയ ചെയിൻ തന്മാത്രകളാക്കി മാറ്റി ദ്രവ ഇന്ധനങ്ങളായോ ലൂബ്രിക്കൻ്റുകളായോ മാറ്റാനാവും. ഇത്തരം ഇന്ധന നിർമാണങ്ങളിലാണ് കെമിക്കൽ റീസൈക്ലിങ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെട്രോൾ, ജെറ്റ് ഇന്ധനം, എഞ്ചിൻ ഓയിൽ എന്നിവയുൾപ്പെടെ ഈ പ്രക്രിയ വഴി നിർമിക്കും. ഇടിഎച്ച് സൂറിച്ചിലെ ശാസ്ത്രജ്ഞരാണ് കെമിക്കൽ റീസൈക്ലിങ് വികസിപ്പിച്ചെടുത്തത്. ഫലപ്രദമായ റീസൈക്ലിങ് പ്രക്രിയക്ക് ഇത് സഹായകമാവുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
കാറ്റലിസിസ് എഞ്ചിനീയറിങ് പ്രൊഫസർ ജാവിയർ പെരെസ്-റാമിറെസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഗവേഷകർ പോളിയെത്തിലിനെയും പോളിപ്രൊപിലിനെയും ഹൈഡ്രജൻ ഉപയോഗിച്ച് എങ്ങനെ വിഘടിപ്പിക്കാമെന്ന് പഠനം നടത്തിയിരുന്നു. സ്റ്റീൽ ടാങ്കിൽ പ്ലാസ്റ്റിക് ഉരുക്കിയതിന് ശേഷം അതിലേക്ക് വാതക ഹൈഡ്രജൻ ഒഴിക്കുക എന്നതായിരുന്നു ആദ്യം കണ്ടെത്തിയ വഴി. റുഥേനിയം പോലുള്ള ലോഹങ്ങൾ അടങ്ങിയ പൊടിച്ച കാറ്റലിസ്റ്റ് ചേർക്കേണ്ടതുണ്ട്. മീഥെയ്ൻ അല്ലെങ്കിൽ പ്രൊപ്പെയ്ൻ പോലുള്ള ഉപോൽപ്പന്നങ്ങൾ കുറയ്ക്കുമ്പോൾ നീളമുള്ള തന്മാത്രകളുടെ പ്രത്യേക ശൃംഖല രൂപപ്പെടുന്നതായും ഗവേഷകർ ശ്രദ്ധിച്ചു.
ഉരുക്കിയ പ്ലാസ്റ്റിക്കിന് തേനിനേക്കാൾ ആയിരം മടങ്ങ് കട്ടിയുണ്ടാകും. ഉരുക്കുന്ന പ്രക്രിയയിൽ കാറ്റലിസ്റ്റ് പൗഡറും ഹൈഡ്രജനും കൃത്യമായി കലരുന്നുവെന്ന് ഉറപ്പാക്കാൻ ടാങ്കിൽ കൃത്യമായി ഇളക്കേണ്ടതുണ്ട്. ഇതിനായി ബ്ലേഡുകളുള്ള ഒരു ഇംപെല്ലറാണ് ഉപയോഗിക്കുന്നത്. ഇളക്കുന്നതിൻ്റെ വേഗതയും ഈ പ്രക്രിയയിൽ നിർണായകമാണ്. ഭാവിയിലെ പരീക്ഷണങ്ങൾക്ക് ഈ കെമിക്കൽ ഫോർമുല പ്രയോജനപ്പെടും. ലബോറട്ടറിയിൽ നിന്ന് വലിയ റീസൈക്ലിങ് പ്ലാൻ്റുകളിലേക്ക് കെമിക്കൽ റീസൈക്ലിങ് സാങ്കേതികവിദ്യ വികസിപ്പിക്കാമെന്നും റീസൈക്ലിങിലൂടെ ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ഉണ്ടാക്കാമെന്നും ഗവേഷകർ പറയുന്നു.