ഹൈദരാബാദ്: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ ഐഒഎസ് 18.2 അപ്‌ഡേറ്റ് പുറത്തിറക്കി. ഇമേജ് പ്ലേഗ്രൗണ്ട്, ജെൻമോജി, ഇമേജ് വാൻഡ്, റൈറ്റിങ് ടൂളുകൾ, ചാറ്റ്ജിപിടി പിന്തുണ, വിഷ്വൽ ഇന്‍റലിജൻസ് തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. യോഗ്യതയുള്ള ഐഫോൺ മോഡലുകളിലേക്ക് ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകളുള്ള ഐഒഎസ് 18.2 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാനാകും.
ഐഫോൺ ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന ഫീച്ചറായിരുന്നു ആപ്പിൾ ഇൻ്റലിജൻസ്. സിരി, ജെൻമോജി, വിഷ്വൽ ഇൻ്റലിജൻസ്, ഇമേജ് പ്ലേഗ്രൗണ്ട്, അഡ്വാൻസ്‌ഡ് റൈറ്റിങ് ടൂളുകൾ, ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ തുടങ്ങിയവയാണ് പുതിയ അപ്‌ഡേറ്റിലെ പ്രധാന എഐ ഫീച്ചറുകൾ. ഐഒഎസ് 18.2 അപ്‌ഡേറ്റിൽ ലഭ്യമാവുന്ന ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളെ കുറിച്ച് വിശദമായി അറിയാം.
ഐഒഎസ് 18.2 അപ്‌ഡേറ്റിലെ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ:
സിരി-ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ:
ആപ്പിളിൻ്റെ എഐ വോയ്‌സ് അസിസ്റ്റൻ്റായ സിരി, റൈറ്റിങ് ടൂളുകൾ എന്നിവയ്‌ക്ക് ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ ലഭിക്കും. അതിനാൽ തന്നെ പുതിയ ഐഒഎസ് 18.2 അപ്‌ഡേറ്റിലൂടെ സിരി, റൈറ്റിങ് ടൂളുകൾ എന്നിവ ഉപയോഗിക്കുമ്പോൾ തന്നെ നേരിട്ട് ചാറ്റ്‌ജിപിടി ഉപയോഗപ്പെടുത്താനാകും. ഇതിനായി ചാറ്റ്‌ജിപിടി അക്കൗണ്ട് ആവശ്യമില്ല. അക്കൗണ്ട് ഇല്ലാതെ ഉപയോഗിക്കുന്നതിനാൽ തന്നെ ചാറ്റ്‌ജിപിടി വഴി ചോദിക്കുന്ന ചോദ്യങ്ങളുടെ ഐപി വിലാസങ്ങൾ മറയ്ക്കപ്പെടും. ഇത് ഉപയോക്താക്കൾക്ക് പൂർണ സ്വകാര്യത നൽകും.
ഇമേജ് പ്ലേഗ്രൗണ്ട്:
തീമുകൾ, ടെക്സ്റ്റ് വിവരണങ്ങൾ, ഫോട്ടോകൾ എന്നിങ്ങനെയുള്ള ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനായി ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിൻ്റെ ആദ്യ എഐ ഇമേജ് ജനറേഷൻ ആപ്പാണ് ഇമേജ് പ്ലേഗ്രൗണ്ട്. ഈ ആപ്പ് വഴി നിർമിക്കുന്ന ഇമേജുകളുടെ വിവരണങ്ങൾ ടെക്‌സ്‌റ്റ് രൂപത്തിലാക്കാനും, ആപ്പിൾ നൽകുന്ന നിർദേശങ്ങളിലൂടെ മാറ്റാനും സാധിക്കും.
ജെൻമോജി:
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഉപയോക്താവിന്‍റെ ഇഷ്‌ട്ടത്തിനനുസരിച്ച് ഇമോജികൾ സൃഷ്‌ടിക്കാൻ ജെൻമോജി ഫീച്ചർ വഴി സാധിക്കും. ഉപയോക്താവിന്‍റെ ഗാലറിയിൽ നിന്നും വിവരങ്ങളെടുത്ത് പ്രിയപ്പെട്ടവരുടെ ഇമോജികൾ നിർമിക്കാനും ഈ ഫീച്ചർ സഹായകമാവും.
റൈറ്റിങ് ടൂളുകൾ:
റീറൈറ്റ്, പ്രൂഫ് റീഡ്, സമ്മറൈസ് എന്നീ സവിശേഷതകൾ റൈറ്റിങ് ടൂളുകളിൽ മുൻപ് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 'ഡിസ്‌ക്രൈബ് യുവർ ചേഞ്ച്' എന്ന പുതിയ ഓപ്‌ഷൻ കൂടെ ലഭ്യമാവും.
വിഷ്വൽ ഇൻ്റലിജൻസ്:
ക്യാമറ ഉപയോഗിച്ച് വസ്‌തുക്കളെയും സ്ഥലങ്ങളെയും തൽക്ഷണം തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് വിഷ്വൽ ഇൻ്റലിജൻസ്. ഒരു ഫോട്ടോ സ്‌കാൻ ചെയ്യുന്നതിലൂടെ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിഷ്വൽ ഇന്‍റലിജൻസ് വഴി സാധിക്കും. കൂടാതെ ടെക്‌സ്‌റ്റ് വിവർത്തനം ചെയ്യാനും, കോൺടാക്‌റ്റ് വിവരങ്ങൾ കണ്ടെത്തുന്നതിനും, സ്‌മാർട്ട് സെർച്ചിനും വിഷ്വൽ ഇൻ്റലിജൻസ് പ്രയോജനപ്പെടും.
ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ലഭ്യമാവുന്ന ഉപകരണങ്ങൾ?
ഐഫോൺ 16 സീരീസ്, ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമേ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ലഭ്യമാവൂ. കൂടാതെ ഡിവൈസിന്‍റെ ഭാഷയും സിരി ഭാഷയും ഇംഗ്ലീഷ് നൽകിയാൽ മാത്രമേ ആപ്പിൾ ഇൻ്റലിജൻസ് ലഭ്യമാവൂ. അതേസമയം എം1 ഉള്ള മാക്, എ17 പ്രോ അല്ലെങ്കിൽ എ1 ഉള്ള ഐപാഡ് മുതലുള്ള ഉപകരണങ്ങളിൽ ആപ്പിൾ ഇൻ്റലിജൻസ് ലഭിക്കും.
ഐഒഎസ് 18.2 അപ്‌ഡേറ്റ് ലഭ്യമാവുന്ന ഉപകരണങ്ങൾ?
ഐഫോൺ 16 സീരീസ്, ഐഫോൺ 15 സീരീസ്, ഐഫോൺ 14 സീരീസ്, ഐഫോൺ 13 സീരീസ്, ഐഫോൺ 12 സീരീസ്, ഐഫോൺ 11 സീരീസ്, ഐഫോൺ എക്‌സ്ആർ, ഐഫോൺ എക്‌സ്എസ്, ഐഫോൺ എക്‌സ്എസ് മാക്‌സ്, ഐഫോൺ എസ്ഇ (രണ്ടാം തലമുറ, മൂന്നാം തലമുറ) എന്നിവയിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാകും.
അപ്‌ഡേറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പുതിയ ഐഒഎസ് 18.2 അപ്‌ഡേറ്റ് അവതരിപ്പിച്ചാൽ ഐഫോണിന്‍റെ 'സെറ്റിങ്സ്' തുറന്ന് 'സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്' ക്ലിക്ക് ചെയ്യുക. തുടർന്ന് ഏറ്റവും പുതിയ 18.2 അപ്‌ഡേറ്റ് കാണാനാകും. തുടർന്ന് 'ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ സവിശേഷതകൾ ഉടനെത്തും:
കൂടുതൽ എഐ ഫീച്ചറുകൾ പിന്നീട് അവതരിപ്പിക്കുമെന്നാണ് ആപ്പിൾ അറിയിച്ചത്. തേർഡ് പാർട്ടി ആപ്പുകളിലുടനീളം പുതിയ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന തരത്തിൽ കൂടുതൽ വ്യക്തിപരവും സന്ദർഭോചിതവുമായി സിരി എത്തും. ആപ്പിൾ ഇൻ്റലിജൻസ് ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. മറ്റ് ആവശ്യങ്ങൾക്ക് ഇത്തരം ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്തൃ ഡാറ്റ സംഭരിക്കുകയോ ആപ്പിളുമായി പങ്കിടുകയോ ചെയ്യുന്നില്ല.