സ്വന്തം മക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കുകയാണ് നമ്മുടെ നാട്ടിലെ അച്‌ഛനമ്മമാര്‍. അടുത്തിടെ നടന്ന ഒരു പഠനമാണ് മാതാപിതാക്കളെ മുട്ടുകുത്തിക്കുന്ന മക്കളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 'ആമസോണ്‍ അലക്‌സ'യ്‌ക്കായി മാർക്കറ്റിങ് ഡാറ്റ ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ കാന്താർ നടത്തിയ പഠനത്തിലാണ് കുട്ടികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ഉഴറുന്ന മാതാപിതാക്കളെക്കുറിച്ച് വിശദീകരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണില്‍ ലോകത്തെ ആറ് നഗരങ്ങളിലായി 750 മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് ഉത്തരം പറയാനാകുന്നില്ലെന്ന് കണ്ടെത്തി. സാങ്കേതികതയാണ് ഈ വലിയ അന്തരം സൃഷ്‌ടിച്ചിരിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കുട്ടികളുടെ സംശയങ്ങള്‍ അകറ്റാന്‍ മാതാപിതാക്കളും സാങ്കേതികതയെ ആണ് ആശ്രയിക്കുന്നത്.
കൃത്യമായ ഉത്തരങ്ങള്‍ അറിയാത്ത സാഹചര്യങ്ങളില്‍ അവ കണ്ടെത്താന്‍ 52 ശതമാനം രക്ഷിതാക്കള്‍ ശ്രമിക്കുന്നുണ്ട്. 44 ശതമാനം രക്ഷിതാക്കള്‍ ഉത്തരങ്ങള്‍ മാറ്റി മാറ്റി പറയുന്നുവെന്നും സമ്മതിച്ചു.
മൂന്ന് ശതമാനം മാതാപിതാക്കള്‍ ചോദ്യങ്ങളെ അവഗണിച്ച് വിഷയം തിരിച്ച് വിടാനും ശ്രമിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. അതായത് നല്ലൊരു ശതമാനം മാതാപിതാക്കളും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും കുട്ടികളുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അര്‍ത്ഥം. ടെലിവിഷന്‍ കാണുമ്പോഴാണ് കുട്ടികള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും 63 ശതമാനം രക്ഷിതാക്കളും പറയുന്നു.
യാത്ര ചെയ്യുമ്പോള്‍ ജിജ്ഞാസ പ്രകടിപ്പിക്കുന്ന കുട്ടികളുണ്ടെന്ന് 57 ശതമാനം രക്ഷിതാക്കള്‍ പറയുന്നു. പഠിക്കുമ്പോള്‍ ചോദ്യങ്ങളുന്നയിക്കുന്നത് 56 ശതമാനമാണ്. വീടിന് പുറത്തെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ 55 ശതമാനം പേര്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മൊബൈലും മറ്റുപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ ചോദ്യം ഉയര്‍ത്തുന്നവര്‍ 52 ശതമാനമാണ്. മുതിര്‍ന്നവരുടെ സംസാരം ശ്രവിക്കുമ്പോള്‍ 50 കുട്ടികളും സംശയങ്ങള്‍ ഉന്നയിക്കുന്നു.
കുട്ടികളുടെ സംശയം ഇക്കാര്യങ്ങളില്‍: ഭക്ഷണം, മൃഗങ്ങള്‍, പ്രകൃതി, പൊതുവിജ്ഞാനം, അവധികള്‍, സാങ്കേതിക, സിനിമകള്‍ എന്നിവയെക്കുറിച്ചാണ് മിക്ക കുട്ടികള്‍ക്കും സംശയങ്ങള്‍ ഉള്ളത്. സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മിക്ക രക്ഷിതാക്കളും ഉത്തരം നല്‍കുന്നത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 80 ശതമാനം മാതാപിതാക്കളും സാങ്കേതികതയെ കൂട്ടുപിടിക്കുന്നു.
സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് അച്ഛനമ്മമാര്‍: ശബ്‌ദ നിര്‍മ്മിത ബുദ്ധികളായ ആമസോണിന്‍റെ അലക്‌സ, എക്കോ സ്‌മാര്‍ട്ട് സ്‌പീക്കറുകള്‍ പോലുള്ള ഉപകരണങ്ങളും സംശയ നിവാരണത്തിനായി മാതാപിതാക്കള്‍ ഉപയോഗിക്കുന്നുണ്ട്.
കുട്ടികള്‍ സംശയങ്ങള്‍ ചോദിക്കുമ്പോള്‍ മാതാപിതാക്കള്‍ പലപ്പോഴും അവയുടെ ഉത്തരത്തിനായി അലക്‌സയെ ആശ്രയിക്കുന്നു. അലക്‌സ നിരവധി വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുവെന്നും അലക്‌സ ആമസോണ്‍ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍ ദിലീപ് ആര്‍ എസ് പറയുന്നു.
അലക്‌സ ഒരു പാഠ്യ ഉപകരണമായി മാറിയിരിക്കുന്നുവെന്നും ഈ പഠനം വ്യക്തമാക്കുന്നു. കുടുംബങ്ങള്‍ പ്രതിമാസം 250 ലക്ഷം ചോദ്യങ്ങളാണത്രേ അലക്‌സയോട് ചോദിക്കുന്നത്. വെല്ലുവിളികളൊക്കെ ഉണ്ടെങ്കിലും 90 ശതമാനം മാതാപിതാക്കളും തങ്ങളുടെ മക്കള്‍ സംശയം ചോദിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികളുടെ സംശയങ്ങളിലൂടെ തങ്ങളും പുതിയ കാര്യങ്ങള്‍ പഠിക്കുന്നുവെന്ന് 92 ശതമാനം മാതാപിതാക്കളും വെളിപ്പെടുത്തുന്നു.
ഇത്തരം പരസ്‌പര പഠനം ജിജ്ഞാസയും അറിവുമുള്ള ഒരു പരിസ്ഥിതി സൃഷ്‌ടിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, സ്‌ക്രീനിന് അപ്പുറത്തുള്ള പഠന സംവിധാനങ്ങളുടെ ആവശ്യകതയാണ് ഇന്‍സൈറ്റ് ഡിവിഷന്‍ സൗത്ത് ഏഷ്യ എക്‌സിക്യൂട്ടീവ് മാനേജിങ് ഡയറക്‌ടര്‍ ദീപേന്ദര്‍ റാണ ചൂണ്ടിക്കാട്ടുന്നത്.
ടിവി കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്തും. മിക്ക മാതാപിതാക്കളും സ്‌ക്രീനിന് അപ്പുറമുള്ള പഠനത്തിനാണ് താത്‌പര്യപ്പെടുന്നത്. അലക്‌സ പോലുള്ളവ സ്ക്രീന്‍ ഫ്രീ വിവരങ്ങളാണ് നല്‍കുന്നതെന്നും ദീപേന്ദര്‍ റാണ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കായി അലക്‌സ രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ഉപകരണങ്ങളില്‍ കുട്ടികളുടെ സംശയ ദൂരീകരണത്തില്‍ മാതപിതാക്കള്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്.
Also Read: കുട്ടികൾക്കായി ഏതുതരം പുസ്‌തകമാണ് നിങ്ങൾ വാങ്ങുന്നത്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ.