ബെംഗളുരു: ക്യാൻസർ ട്യൂമർ കണ്ടെത്തുന്നതിന് എഐ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി ബെംഗളുരുവിലെ എച്ച്സിജി കാൻസർ സെൻ്റർ. ക്യാൻസർ മുഴകൾ കൃത്യമായി കണ്ടെത്തുന്നതിന് ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള സൈബർനൈഫ്-എസ്7 എന്ന ഉപകരണത്തിന്‍റെ നവീകരിച്ച പതിപ്പാണ് പുറത്തിറക്കിയത്. അർബുദവുമായി ബന്ധപ്പെട്ട മുഴകളും അർബുദമല്ലാത്ത മുഴകളും കൃത്യമായി തിരിച്ചറിയുന്നതിനും, ചികിത്സിക്കുന്നതിനും, അവ നീക്കം ചെയ്യുന്നതിനും പുതിയ സാങ്കേതികവിദ്യ വഴി സാധിക്കും.
മസ്‌തിഷ്‌കം, ശ്വാസകോശം, നട്ടെല്ല്, പ്രോസ്റ്റേറ്റ്, ആമാശയം തുടങ്ങി ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് ട്യൂമർ വളർന്നിട്ടുണ്ടെങ്കിൽ സൈബർനൈഫ് അത് എളുപ്പത്തിൽ കണ്ടെത്തി ശസ്ത്രക്രിയയിലൂടെ ഭേദമാക്കും. കൂടുതൽ സമയമെടുക്കാതെ ശസ്ത്രക്രിയ നടത്തുന്നതിനും ചികിത്സയുടെ ആദ്യ ശ്രമത്തിൽ തന്നെ ട്യൂമറുകൾ നീക്കം ചെയ്യുന്നതിനും സഹായിക്കും. സങ്കീർണത നിറഞ്ഞ മുഴകൾ നീക്കം ചെയ്യുന്നതിൽ ഈ എഐ സംവിധാനം വളരെയധികം ഗുണം ചെയ്യും.
ക്യാൻസർ ട്യൂമർ കണ്ടെത്തുന്നതിന് സൈബർ നൈഫ് സാങ്കേതികവിദ്യ മുൻപും ഉപയോഗിച്ചിട്ടുണ്ട്. അതിൻ്റെ നവീകരിച്ച പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ഹെൽത്ത് കെയർ ഗ്ലോബൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ (എച്ച്സിജി) എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. ബി എസ് അജയ് കുമാർ പറഞ്ഞു. മെഡിക്കൽ രംഗത്ത് എഐ സാങ്കേതികവിദ്യ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ നൈഫ് സാങ്കേതികവിദ്യ എന്താണ്?
ക്യാൻസർ ട്യൂമറിന് കൃത്യതയോടെയുള്ള ചികിത്സ നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് സൈബർ നൈഫ്. മസ്‌തിഷ്‌കം, ശ്വാസകോശം, നട്ടെല്ല്, പ്രോസ്റ്റേറ്റ്, ഉദരം എന്നിവയുൾപ്പെടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സങ്കീർണമായ മുഴകൾക്ക് സൈബർ നൈഫ് ചികിത്സ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എച്ച്സിജി എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. ബി എസ് അജയ് കുമാറും, സിഇഒ രാജ് ഗോറും ചേർന്നാണ് ഈ സംവിധാനം പുറത്തിറക്കിയത്.