കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യ സംസ്കരണ പദ്ധതി പാളി. 'സീറോ വെയ്സ്റ്റ്' പദ്ധതി ബിഗ് സീറോ ആയതോടെ മാലിന്യം കുന്നുകൂടുകയാണ്. ഇൻസിനറേറ്റർ പണിമുടക്കിയതോടെയാണ് മാലിന്യ സംസ്കരണം പാളിയത്.
ഐഡി പാൻ കേടായതോടെ ഇൻസിനറേറ്ററിന്റെ പ്രവത്തനം നിലച്ചിട്ട് ആഴ്ചകളാകുന്നു. മറ്റൊരു ഇൻസിനേററ്റർ എട്ടുമാസം മുമ്പ് പണി മുടക്കിയിരുന്നു. നിലവിലുള്ള ഇൻസിനറേറ്ററിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ മെഡിക്കൽ കോളജ് കാമ്പസിലെ മാലിന്യസംസ്കരണം പൂർണമായും നിലച്ചു. ഇന്‍സിനറേറ്ററിനു മുന്നില്‍ മാലിന്യചാക്കുകള്‍ കുന്നുകൂടുകയാണ്.
കെട്ടിക്കിടക്കുന്ന മാലിന്യം അഴുകി പുറത്തേക്ക് ഒലിച്ച് ദുർഗന്ധം വമിക്കുകയും പരിസരം കൊതുകു വർളർത്തുകേന്ദ്രമാകുകയുമാണ്. ഇതോടെ ദിനംപ്രതി ആയിരക്കണക്കിന് പേർ എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രി പകർച്ചവ്യാധി ഭീഷണിയിലുമാണ്.

തിരുവനന്തപുരത്തുള്ള 'പരിശുദ്ധ്' കമ്പനിയാണ് മാലിന്യ സംസ്കരണത്തിന്റെ കരാർ ഏറ്റെടുത്തത്. കരാർ പുതുക്കാതായതോടെ ഇൻസിനേറ്റർ അറ്റകുറ്റപ്പണി അനന്തമായിനീളുകയാണ്. മണിക്കൂറിൽ 150 കിലോ മാലിന്യം എന്ന നിരക്കിൽ ദിനംപ്രതി രണ്ടായിരത്തിൽ കിലോയിൽ താഴെ മാലിന്യമാണ് ഇവിടെ സംസ്കരിച്ചിരുന്നത്.
അതേസമയം 5000ൽ അധികം കിലോ മാലിന്യം ഒരു ദിവസം മെഡിക്കൽ കോളജിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംസ്കരിക്കാനെത്തുന്നുണ്ട്. ഇതു മുഴുവന്‍ സംസ്കരിക്കാൻ മാർഗമില്ലാതെ കുന്നുകൂടൂമ്പോഴാണ് ആകെയുണ്ടായിരുന്നു ഇന്‍സിനറേറ്റർ പണിമുടക്കിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കമ്പനി അധികൃതരുമായി ചർച്ച നടത്തി ഉടൻ ധാരണയിലെത്തുമെന്നാണ് മെഡിക്കൽ കോളജ് സീറോ വെയിസ്റ്റ് കോഓഡിനേറ്റർ സത്യൻ മായനാട് പറയുന്നത്. ''രണ്ടോ മൂന്നോ ആഴ്ചയ്ക്കകം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കരാർ തീരുന്നതിനു മുമ്പുതന്നെ ധാരണക്ക് ശ്രമിച്ചിരുന്നു. എന്നാൽ കമ്പനി മുന്നോട്ട് വെച്ച തുക മെഡിക്കൽ കോളജിന് സ്വീകാര്യമായിരുന്നില്ല. പരിശോധന നടത്തി കരാർ പുതുക്കി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാക്കുന്നതിന് പരിശുദ്ധ് കമ്പനി അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രതീക്ഷയുണ്ട്'' സത്യൻ പറഞ്ഞു.
കൊവിഡ് കാലത്ത് മെഡിക്കൽ കോളജിന് സമീപത്ത് തുടങ്ങിയിരുന്ന എഫ്.എൽ.ടി.സികളിൽ നിന്ന് ശേഖരിച്ച മാലിന്യം പോലും സംസ്കരിക്കാതെ ഇപ്പോഴും ഇൻസിനറേറ്റിന് സമീപം കെട്ടിക്കിടക്കുകയാണ്. മെഡിക്കൽ കോളജിന്റെ ആവശ്യത്തിന് അനുസരിച്ച് സംസ്കരണ യൂണിറ്റ് തുടങ്ങാത്തതും പ്രവർത്തിച്ചിരുന്നത് കൃത്യമായി പരിപാലിക്കാത്തതുമാണ് പ്രതിസന്ധിക്കിടയാക്കിയത്. മെഡിക്കൽ കോളജിലെ മാലിന്യങ്ങൾ പുറത്തുകൊണ്ടുപോയി സംസ്കരിക്കുന്നത് പ്രാവർത്തികമല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Also Read: ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടി വീഴും; ക്ലീൻ ആൻ്റ് ഗ്രീൻ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ