കോഴിക്കോട്: കൊയിലാണ്ടി, കൊല്ലം എന്നിവിടങ്ങളിൽ നിന്നും മോഷ്‌ടിച്ച ബൈക്കുകളുമായി ബാലുശ്ശേരിയില്‍ നിന്ന് മൂവർ സംഘം പിടിയിൽ. കല്ലായി അമ്പലത്താഴം ഷിഹാൽ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച (ജൂലൈ 9) രാത്രി ബാലുശ്ശേരി പൊലീസ് പരിശോധന നടത്തവെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
കൊയിലാണ്ടി പൊലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിൻ്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച നിലയിലാണുള്ളത്. പ്രതികളുടെ പക്കല്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.
കൊല്ലം വില്ലേജ് ഓഫീസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെൻ്റിൻ്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളാണ് ചൊവ്വാഴ്‌ച പുലര്‍ച്ചെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം പുരോഗമിക്കെയാണ് പ്രതികള്‍ ബാലുശ്ശേരിയില്‍ പിടിയിലായത്.
ഇതിൽ രണ്ട് പേരെ കൊയിലാണ്ടി റെയിൽസ്‌റ്റേഷനിൽ നിന്നും ബൈക്ക് മോഷ്‌ടിച്ച കേസിലും മൊബൈൽ ഫോൺ മോഷ്‌ടിച്ചതിനും കൊയിലാണ്ടി പൊലീസ് അറസ്‌റ്റ് ചെയത് റിമാൻ്റ് ചെയ്‌തിരുന്നു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമ പ്രവർത്തകരെയും, പൊലീസിനെയും ആക്രമിച്ചതിനും പ്രതികൾക്കെതിരെ കേസുണ്ട്. ഇന്ന് വൈദ്യ പരിശോധനക്ക് എത്തിച്ച സമയത്തും പ്രതികൾ മാധ്യമ പ്രവർത്തരോട് ഭീഷണിമുഴക്കിയിരുന്നു.
Also Read: താമരശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച രണ്ടുപേർ പിടിയിൽ