കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടകര കടമേരി സ്വദേശി ആൽവിൻ ടികെ (20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു വാഹനം ആൽവിനെ ഇടിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. റോഡിന് നടുക്ക് ഡിവൈഡറിൽ നിന്നുകൊണ്ട് ആൽവിൻ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഒരു കാർ ആൽവിൻ്റെ മേലെയ്‌ക്ക് ഇടിച്ച് കയറി. ഉടൻ തന്നെ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. പിന്നീട് പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
രണ്ട് വാഹനങ്ങൾ ഉണ്ടായിരുന്നെന്നാണ് സൂചന. അശ്രദ്ധമായും മനുഷ്യജീവന് അപായം വരത്തക്ക വിധം വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. വാഹനം ഓടിച്ചയാൾക്കെതിരെ കേസ് എടുക്കുന്നതായിരിക്കും. ആൽവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, വാഹനങ്ങള്‍ വേഗത്തില്‍ വന്ന് നിശ്ചിത സ്ഥലത്ത് ബ്രേക്ക് ചെയ്യുന്നതാണ് ചിത്രീകരിച്ചതെന്ന് വടകര ആര്‍ടിഒ പറഞ്ഞു. നിശ്ചിത സ്ഥലത്ത് കാര്‍ നിര്‍ത്താന്‍ കഴിയാത്തതാണ് അപകടകാരണം. റോഡില്‍ വാഹനങ്ങളുടെ റീല്‍സ് ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടറോട് റിപ്പോര്‍ട്ട് തേടിയുണ്ട്. ആത്മഹത്യാപരമായ ചിത്രീകരണമാണ് നടന്നതെന്ന് വടകര ആര്‍ടിഒ ടി മോഹന്‍ദാസ് പറഞ്ഞു.