പത്തനംതിട്ട: അടൂർ പഴകുളം സ്വദേശി വിഷ്‌ണുവിന്‍റെ (27) ആത്മഹത്യയിൽ സിഐയോട് റിപ്പോർട്ട് തേടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 17 ന് രാവിലെ 10 മണിയോടെ വിഷ്‌ണുവിൻ്റെ അയൽവാസി സനു എന്ന യുവാവിനെ 10 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പഴകുളം ഭാഗത്ത് നിന്ന് പിടികൂടിയിരുന്നു.
അടൂർ എക്സെസ് ഇൻസ്‌പെക്‌ടർ അരുൺ അശോകിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സനുവിനെ പിടി കുടിയത്. ഇതേപ്പറ്റി അന്വേഷിക്കാൻ വിഷ്‌ണുവിൻ്റെ വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ മനംനൊന്താണ് വിഷ്‌ണു ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ വച്ച് എക്സൈസ് ഉദ്യോഗസ്ഥർ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വിഷ്‌ണുവിനെ മർദിച്ചതായാണ് ആരോപണം.
വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന തൻ്റെ മകനെ വിളിച്ചെഴുന്നേൽപ്പിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതായി വിഷ്‌ണുവിൻ്റെ മാതാവ് ഉഷ പറഞ്ഞു. ഇനി നാണക്കേട് കൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്‌ണു പറഞ്ഞതായും മാതാവ് ഉഷയും ബന്ധു പുഷ്‌പയും പറഞ്ഞു. സംഭവത്തിൽ പറക്കോട് എക്സൈസ് സിഐയോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി റോബർട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്ച്ച ഉച്ചക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ എക്സൈസ് കമ്മീഷണർ വിനോദ് ബി നായരെ ചുമതലപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ എക്സൈസ് സംഘം വീടിനുള്ളിൽ അതിക്രമം നടത്തുകയോ യുവാവിനെ മർദിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ റോബർട്ട് പറഞ്ഞു.
അയൽവാസിയായ സനുവിനെ 10 ഗ്രാം കഞ്ചാവുമായി പിടികൂടിയപ്പോൾ താൻ മാത്രമല്ല ഇവിടെ മറ്റ് പലരും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ സമയം തൊട്ട് മുകളത്തെ വീടിൻ്റെ മുന്നിൽ നിന്ന വിഷ്‌ണുവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി അവിടേക്ക് ചെന്നു. സംസാരിച്ചപ്പോൾ വിഷ്‌ണു ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനാൽ കൂടുതൽ പ്രകോപനമുണ്ടാക്കാതെ മടങ്ങിപോവുകയായിരുന്നു എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇയാൾ ലഹരിക്ക് അടിമയാണെന്ന് തോന്നിയതിനാൽ എക്സെസ് ഇൻസ്‌പെക്‌ടർ മാതാവ് ഉഷയെ ഫോണിൽ വിളിച്ച് മകനെ ഏതെങ്കിലും ലഹരിമോചന കേന്ദ്രത്തിലാക്കി ചികിത്സിക്കണമെന്ന് നിർദേശിക്കുക മാത്രമാണുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. കഞ്ചാവുമായി പിടികൂടിയ സുനുവിന് അവിടെ വച്ച് തന്നെ ജാമ്യം കൊടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.