ഇടുക്കി : ഇടുക്കി എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഒരുപാട് കാര്യങ്ങൾ ഓടിയെത്തും. മണ്ണു മനസും ഇഴചേര്‍ന്ന മനോഹര കാഴ്‌ചകളുടെ ഭൂമികയാണ് ഇടുക്കി. ആ കാഴ്‌ചകള്‍ക്ക് പത്തരമാറ്റ് തിളക്കമേകുന്ന നിരവധി മനുഷ്യരുമുണ്ട് ഇവിടെ. വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തു സൂക്ഷിയ്ക്കുന്ന ഇടുക്കി സേനാപതി സ്വദേശി അനുരാജ് അത്തരത്തിൽ ഒരാളാണ്.
പാറക്കെട്ടില്‍ ചിന്നിചിതറി, ആര്‍ത്തുല്ലസിച്ച് പതിയ്ക്കുന്ന മരച്ചുവട് വെള്ളചാട്ടം. ഇടുക്കി ഒളിപ്പിച്ചിരിയ്ക്കുന്ന നിരവധി കാഴ്‌ചകളില്‍ ഒന്നാണ്, ഈ മനോഹര ജലപാതം. മണ്‍സൂണ്‍കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടത്തിലേയ്ക്ക് എത്തണമെങ്കില്‍ അനുരാജ് ഇടക്കുടിയുടെ കൃഷിയിടത്തിലൂടെ സഞ്ചരിയ്ക്കണം.
ചിന്നിച്ചിതറുന്ന ജലകണങ്ങള്‍ ഒരുക്കുന്ന ദൃശ്യം മാത്രമല്ല ഇവിടെ ഉള്ളത്. ഒരു കാര്‍ഷിക പറുദീസ കൂടിയാണ് അനുരാജിന്‍റെ കൃഷിയിടം. പുലാസാന്‍, റംമ്പൂട്ടാന്‍, റോളീനിയോ, വൈറ്റ് ഞാവല്‍, ഇസ്രയേല്‍ ഓറഞ്ച്, സ്റ്റാര്‍ ഫ്രൂട്ട്, ബേര്‍ ആപ്പിള്‍, സുരിനാം ചെറി തുടങ്ങി, സ്വദേശിയും വിദേശിയുമായി നിരവധി ഫല വൃക്ഷങ്ങള്‍ ഇവിടെയുണ്ട്.
തന്‍റെ കൃഷിയിടത്തിനോട് ചേര്‍ന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ സംരക്ഷണ ചുമതല കൂടി ഈ യുവ കര്‍ഷകന്‍ സ്വയം ഏറ്റെടുത്തിട്ടുണ്ട്. കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളോട് പ്ലാസ്റ്റിക് നിക്ഷേപിയ്ക്കരുതെന്ന് നിര്‍ദേശിയ്ക്കും. ആരെങ്കിലും നിക്ഷേപിച്ചാല്‍ പരിഭവം കൂടാതെ എടുത്ത് മാറ്റും.
വെള്ളച്ചാട്ടവും പരിസരവും മാലിന്യ മുക്തമായിരിക്കാന്‍ അനുരാജിന്‍റെ ഇടപെടല്‍ എപ്പോഴുമുണ്ട്. പ്രകൃതിയെ അറിഞ്ഞ് സ്‌നേഹിച്ച് കൃഷിചെയ്യുന്നവരുടെ പ്രതീകമാണ് അനുരാജ്. കൃഷിയെ സ്‌നേഹിയ്ക്കുന്ന പുതു തലമുറയ്ക്ക് യാഥാര്‍ഥ വഴികാട്ടി.