കോഴിക്കോട്: ആദ്യം മുഖത്ത് മിനുക്കെഴുത്തെഴുതി. പിന്നെ കാലിൽ കാൽചിലമ്പും പറ്റും പഠകവും കെട്ടി. അരയിൽ അരയാടയും കൈകളിൽ വളകളും, തണ്ടയും ചൂടകവും ഉറപ്പിച്ചു. മാറത്ത് ഏഴു നിറയും തലയിൽ തലപ്പാളിയും മിന്നിപ്പട്ടവും കെട്ടിയതോടെ ഭക്തരുടെ ഇഷ്‌ട ദൈവമായ കരിവില്ലിയായി മാറുകയായിരുന്നു യദുകൃഷ്‌ണൻ എന്ന പന്ത്രണ്ടുകാരൻ.
കക്കോടി ചെറുകുളം കളപ്പുരക്കൽ രജീഷിന്‍റെയും ശ്രുതിയുടെയും മകനായ യദുകൃഷ്‌ണന്‍റെ ആദ്യ ദൈവ കോലത്തിലെ അരങ്ങേറ്റമാണ് കോഴിക്കോട് താഴത്തും കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നത്. വേഷപകർച്ചയോടെ കാവിന്‍റെ തിരുമുറ്റത്തേക്ക് ദൈവ കോലങ്ങൾ പ്രവേശിക്കുമ്പോൾ അരിയെറിഞ്ഞും അമ്പും വില്ലും കൈമാറിയും കാവിലെ കാരണവന്മാർ ദൈവത്തെ വരവേൽക്കും. പിന്നെ ചെണ്ടയിൽ നിന്നും ദ്രുത താളം മുഴങ്ങുന്നതോടെ ദൈവങ്ങൾ നിറഞ്ഞാടുകയാണ്.
തെയ്യം കലാകാരനായ അച്ഛൻ്റെ ദൈവ കോലങ്ങൾ കണ്ടാണ് യദുകൃഷ്‌ണനും തെയ്യത്തിലേക്ക് ആകർഷിക്കപ്പെട്ടത്. നേരത്തെ തന്നെ അച്‌ഛനില്‍ നിന്നും മറ്റ് ഗുരുസ്ഥാനീയരിൽ നിന്നും തെയ്യം ആട്ടത്തിൻ്റെ ബാലപാഠങ്ങൾ പരിശീലിച്ചിരുന്നു.
നിരവധി ഭക്തരാണ് യദുകൃഷ്‌ണന്‍റെ ആദ്യ ദൈവ കോലം കണ്ട് അനുഗ്രഹം വാങ്ങാൻ കാവിന്‍റെ തിരുമുറ്റത്ത് എത്തിയത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യദുകൃഷ്‌ണൻ. സഹോദരൻ അർജുന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാദസ്വരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
Also Read: ഭക്തരെ രസിപ്പിച്ചും സംവദിച്ചും അനുഗ്രഹം ചൊരിഞ്ഞും, അരങ്ങേറി പൊട്ടൻ തിറ