പൊന്നാനി: പേരിന്‍റെ സാമ്യം മൂലം ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ നാലു ദിവസം ജയിലില്‍ കിടന്ന് പൊന്നാനി സ്വദേശി. പൊന്നാനി വെളിയങ്കോടിലെ ആലുങ്ങല്‍ അബൂബക്കറിനെയാണ് ആളുമാറി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നാല് ദിവസം അബൂബക്കര്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുകയും ചെയ്‌തു.
ആയിഷാബി എന്ന യുവതി അവരുടെ ഭര്‍ത്താവ് വടക്കേപ്പുറത്ത് അബൂബക്കറിനെതിരെയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് പേരുമാറി ആലുങ്ങല്‍ അബൂബക്കറിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അറസ്‌റ്റിലായ അബൂബക്കറും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.
അതിനാല്‍ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്‌റ്റ് ചെയ്യാന്‍ എത്തിയതെന്നാണ് യുവാവ് കരുതിയത്. രണ്ട് അബൂബക്കര്‍മാരുടെയും പിതാവിന്‍റെ പേരും ഒരേ പോലെയായാതാണ് പൊലീസിന് ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം. പിതാവിന്‍റെ പേര് ഒരുപോലെയാണെങ്കിലും വീട്ടുപേരില്‍ വ്യത്യാസമുണ്ടെന്ന് താന്‍ പൊലീസിനോട് പറഞ്ഞിരുന്നെന്ന് അറസ്‌റ്റിലായ യുവാവ് പറഞ്ഞു.
എന്നാല്‍ പൊലീസ് അത് മുഖവിലക്കെടുക്കാതെ കോടതിയില്‍ ഹാജരാക്കുകയായിരുന്നെന്നും അബൂബക്കര്‍ പറഞ്ഞു. കോടതി അബൂബക്കറിന് നാല് ലക്ഷം രൂപ പിഴയും ആറുമാസം തടവ് ശിക്ഷയും വിധിച്ചിരുന്നു. യുവാവ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി രേഖകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് ആളുമാറിയതാണെന്ന കാര്യം വ്യക്തമായത്.
ALSO READ: ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി നിനോ മാത്യൂവിന് വധശിക്ഷയിൽ ഇളവ്