കണ്ണൂർ: ചെമ്പരത്തിപൂവിനു വാലുണ്ടോ..? ആദിദേവ് പറയുന്നത് ഉണ്ടെന്നാണ്. തേളിന്‍റെ ആക്രമണത്തിൽ നിന്ന് അച്ഛനെ രക്ഷിച്ച കോഴിയെ കുറിച്ചാണ് ആദിദേവ് ഒരു ദിവസം ഡയറിയിൽ എഴുതിയത്. പുളിങ്കുരു എടുക്കുമ്പോൾ കൈ ഒട്ടില്ലേ..? ആദിദേവിന്‍റെ വലിയ സംശയങ്ങൾക്ക് മുന്നിൽ ആരും ഒന്നു അമ്പരക്കും. ചില ദിവസങ്ങളിൽ മുല്ലപ്പൂവിനെ അമ്മ പാലപ്പൂ ആക്കിയതായിരുന്നു ആദിദേവിന്‍റെ വിഷയം. പരിസ്ഥിതി നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഓന്ത് മുട്ട എന്ന ആദിദേവിന്‍റ എഴുത്ത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"എന്‍റെ വീട്ടിലെ ചെടിയുടെ താഴെ ഓന്തിനെ കണ്ടു. ഞാൻ അതിനെ കുറച്ച് സമയം നോക്കി. അപ്പോൾ ഓന്ത് കുഴി ഉണ്ടാക്കുന്നു. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു അതിനെ ഒന്നും ചെയ്യരുത്. കുറെ കഴിഞ്ഞു നോക്കുമ്പോൾ കുഴിയിൽ കുറെ മുട്ടകൾ. പിന്നെ കുഴിയിലേക്ക് മണ്ണ് നിറച്ച ശേഷം ഓന്തിനെ കാണുന്നില്ല". ആദിദേവ് എഴുതി പൂർത്തിയാക്കിയപ്പോഴാണ് ഓന്ത് മുട്ടയിടാറുണ്ടെന്ന് അധ്യാപകർ പോലും തിരിച്ചറിയുന്നത്.
കണ്ണൂർ ജില്ലയിലെ മുത്തത്തി എസ് വി യു പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍റെ ഡയറിയിലെ കുറിപ്പുകൾ എല്ലാം കൗതുകങ്ങളും വിശേഷങ്ങളും കലർന്ന സംഭവ ബഹുലമായ ലോകത്തേക്കുള്ള വാതിലായിരുന്നു. പ്രകൃതിയിലെ ഓന്ത്, പല്ലി, കുരുവി, ഉറുമ്പ്, ചെമ്പോത്ത്, ചിതൽ, മണവാട്ടി തവള, തുടങ്ങിയവയെ എല്ലാം അവൻ കൗതുകതോടെ നിരീക്ഷിക്കും. അവന്‍റെ ഭാവനയിൽ എഴുതി ചേർക്കും. അതാണ് ആദിദേവിന്‍റെ രീതി.
ഇത്തവണ രണ്ടാം ക്ലാസുകാരനായപ്പോഴേക്കും അവൻ എഴുതിയ ഡയറി ഒന്നാം ക്ലാസിലെ മലയാള പാഠപുസ്‌തകത്തിൽ ഇടം പിടിക്കുകയും ചെയ്‌തു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിലിന്‍റെ ഒന്നാം ക്ലാസിലെ മലയാള പാഠപുസ്‌തകമായ കേരള പാഠാവലിയുടെ രണ്ടാം പതിപ്പിലാണ് ആദിദേവിന്‍റെ കുറിപ്പുകൾ ഉൾപ്പെടുത്തിയത്. കഴിഞ്ഞില്ല, ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ യുറീക്ക മാസിക ആദിദേവിന്‍റെ എഴുത്ത് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നന്നായി എഴുതാനുള്ള ആദിദേവിന്‍റെ കഴിവ് ക്ലാസ് അധ്യാപിക ടിവി സതിയാണ് കണ്ടെത്തിയത്.
പ്രകൃതിയും ജീവജാലങ്ങളും എല്ലാം ആദിദേവിന് എഴുത്തിലേക്കുള്ള പാലം ആണ്. ശാന്തമായ പ്രകൃതമാണ് ആദിദേവിന്‍റേത്. ഏത് നേരവും നിരീക്ഷണവും ചിന്തയും ആണ് അവനിൽ. ആദിദേവിന്‍റെ ഭാവനയും എഴുത്തിലെ കൗതുകവും ഭംഗിയുള്ള കുറിപ്പുകളും ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാന അധ്യാപകൻ സി കെ സുരേഷിന്‍റെ നേതൃത്വത്തിൽ ആണ് 'കുഞ്ഞോർമകള്‍' എന്ന പേരിൽ ആദിദേവിന്‍റെ ഡയറി കുറിപ്പുകൾ ചേർത്തു ഒരു പുസ്‌തകം ഒരുക്കി സ്‌കൂളിൽ പ്രകാശനം ചെയ്‌തത്.
കൂടാതെ ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിലേക്കും അവിടെനിന്ന് എസ് സി ആർ ടി യിലേക്കും അയച്ചു. അങ്ങനെയാണ് ഈ വർഷത്തിലെ ഒന്നാം ക്ലാസിലെ പാഠപുസ്‌തകത്തിൽ ആദിദേവിന്‍റെ എഴുത്ത് ഇടം പിടിച്ചത്. പയ്യന്നൂർ പരവന്തട്ടയിലെ കൂലിപ്പണിക്കാരനായ പ്രകാശന്‍റെയും സി ബിന്ദുവിന്‍റെയും മകനാണ് ആദിദേവ്. സഹോദരൻ ആഷിഷ് കോറോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.