സെപ്‌റ്റംബറിലെ ആദ്യ ശനിയാഴ്‌ച ലോക താടി ദിനമായാണ് ലോകമെമ്പാടും ആഘോഷിക്കുന്നത്. താടിക്കാരുടെ സംഘം ഈ ദിവസം ഒത്തുകൂടുകയും സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്യും. ഈ വര്‍ഷം സെപ്‌റ്റംബർ 7നാണ് ലോക താടി ദിനം.
ദൈവികതയുടെ അടയാളമായും ശക്തിയുടെ പ്രതീകമായും വരേണ്യ പൗരുഷത്തിന്‍റെ മുദ്രയായും വൃത്തിഹീനമായ ശരീരഭാഗമായുമൊക്കെ താടി പല നൂറ്റാണ്ടുകളില്‍ പല രീതില്‍ സ്വീകരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് ചരിത്രം. റേസറുകള്‍ സുലഭമായ ഇന്നത്തെ കാലത്ത് കൂടുതൽ പുരുഷന്മാരും ക്ലീന്‍ ഷേവ് ജീവിത ശൈലി സ്വീകരിച്ചുപോരുന്നു എന്നതാണ് വസ്‌തുത. എങ്കിലും താടിയെ ജീവനായി കണ്ട് സ്‌നേഹിച്ച് പരിപാലിക്കുന്ന നിരവധി പേര്‍ ഇന്നും ലോകത്തിന്‍റെ വിവിധ കോണുകളിലായുണ്ട്.
താടിക്കാര്‍ക്കായൊരു ദിനം: തിങ്ങിക്കൂടിയ താടി പോലെ ലോക താടി ദിനത്തിന്‍റെ ഉത്ഭവവും അവ്യക്തമാണ്. താടിയെ ബഹുമാനിക്കുന്ന പ്രത്യേക ദിനത്തിന്‍റെ പാരമ്പര്യം ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഡാനിഷ് വൈക്കിങ്ങുകൾ എഡി 800ൽ താടിയുടെ മഹത്വവത്‌കരണത്തിനായി ഒരു ദിനം സംഘടിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
ലോക താടി ദിനത്തിന്‍റെ ആധുനിക ആഘോഷം 2000ത്തിന്‍റെ തുടക്കത്തിലാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇതിന് വന്‍ ജനപ്രീതി ലഭിച്ചു. ഇന്ന് സ്വകാര്യ കുടുംബ സമ്മേളനങ്ങൾ മുതൽ മത്സരങ്ങൾ, പരേഡുകൾ, താടി പ്രമേയമായ വില്‍പനച്ചരക്ക് എന്നിങ്ങനെ നീളുന്നു താടി ദിനത്തിന്‍റെ ആഘോഷം. ലോകമെമ്പാടും ഇത്തരം പരിപാടികളോടെ താടി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. കുറ്റിത്താടിയോ സ്റ്റൈലിഷ് ഗോട്ടിയോ ആകട്ടെ, ഓരോ താടിക്കാരനെയും താടിപ്രേമിയേയും ആഘോഷത്തിലാഴ്‌ത്തുന്ന സമയമാണ് താടി ദിനം.
ലോക പ്രശസ്‌തമായ 5 'ഇതിഹാസ താടികള്‍'
എബ്രഹാം ലിങ്കൺ: ഒട്ടിയ കവിളിന് ചേര്‍ന്ന് നന്നായി വെട്ടിയ താടിയും സ്റ്റൗപൈപ്പ് തൊപ്പിയുമായിരുന്നു എബ്രഹാം ലിങ്കന്‍റെ വേഷം. വാസ്‌തവത്തിൽ യുഎസ് കണ്ട 46 പ്രസിഡന്‍റുമാരിൽ താടി വയ്‌ക്കാമെന്ന് തീരുമാനിച്ച അഞ്ച് യുഎസ് പ്രസിഡന്‍റുമാരിൽ ഒരാളാണ് ലിങ്കൺ.
വില്യം ഷേക്‌സ്‌പിയർ: വില്യം ഷേക്‌സ്‌പിയർ തന്‍റെ കാലത്തെയും പില്‍ക്കാലത്തെയും ഏറ്റവും മികച്ച നാടകകൃത്തും കവിയുമാണ്. ട്വെല്‍ത്ത് നൈറ്റ്, റോമിയോ ആൻഡ് ജൂലിയറ്റ്, മാക്ബെത്ത്, ഹാംലെറ്റ്, കിങ് ലിയർ തുടങ്ങി നിരവധി ഇതിഹാസങ്ങള്‍ കൃതികള്‍ രചിച്ച വ്യക്തിയാണ് അദ്ദേഹം. ഷേക്‌സ്‌പിയറിനെ പോലെ തന്നെ പ്രശസ്‌തമാണ് ഷേക്‌സ്‌പിയര്‍ താടിയും.
സാന്താക്ലോസ്: സാന്താക്ലോസിന്‍റെ വെളുവെളുത്ത പഞ്ഞിത്താടിക്ക് ലോകമെമ്പാടും ആരാധകരുണ്ട്.
ആംബ്രോസ് എവററ്റ് ബേൺസൈഡ്: അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിൽ നിന്നുള്ള സൈനികനും രാഷ്‌ട്രീയക്കാരനുമാണ് ബേൺസൈഡ്. മീശ നീണ്ട് താടിയില്‍ സംഗമിക്കുന്ന ബേണ്‍സൈഡിന്‍റെ മട്ടൺ ചോപ്പ് ലുക്ക് താടി ലോക പ്രശസ്‌തമാണ്. 'സൈഡ് ബേൺസ്'(കൃതാവ്) എന്ന പദം അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപപ്പെടുത്തിയത്.
ചാൾസ് ഡാർവിൻ: 'ജീവിവർഗങ്ങളുടെ ഉത്ഭവം' എന്ന മൗലിക കൃതിയിലൂടെ പരിണാമ സിദ്ധാന്തത്തിന്‍റെ ഉള്‍ക്കാഴ്‌ച ലോകത്തിന് മുന്നില്‍ അവതിരിപ്പിച്ച ഇംഗ്ലീഷ് പ്രകൃതി ശാസ്‌ത്രജ്ഞനാണ് ഡാര്‍വിന്‍. ഡാര്‍വിന്‍റെ നീണ്ട, കട്ടിയുള്ള താടി അദ്ദേഹത്തിന്‍റെ മുഖമുദ്രയായിത്തന്നെ നിലനില്‍ക്കുന്നു. ഡാർവിൻ തന്‍റെ അൻപതുകളുടെ മധ്യത്തിലാണ് താടി വളർത്തിത്തുടങ്ങിയത്. ഷേവിങ്ങിലൂടെ വഷളായ എക്‌സിമ എന്ന അസുഖം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ സെലിബ്രിറ്റികളുടെ താടി:
രൺവീർ സിങ്- സ്റ്റൈലിഷ് ലുക്കിലും വസ്‌ത്ര ധാരണത്തിനും ആരാധകർക്കിടയിൽ പേരുകേട്ട സെലിബ്രിറ്റിയാണ് രൺവീർ സിങ്. രൺവീറിന്‍റെ താടി ലുക്കും തികച്ചും ഫാഷനാണ്.
വിരാട് കോലി- വിരാടിനെപ്പോലെ താടി വളര്‍ത്താന്‍ രോമങ്ങളുടെ വളർച്ചയിലും ശരിയായ പരിപാലനത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിരാടിന്‍റെ ട്രിം ബിയേര്‍ഡ് ലുക്ക് ക്ലീൻ പ്രൊഫഷണലിസത്തിന്‍റെ പ്രതീകമാണ്. സ്വാഭാവിക താടിയെല്ലിനെ കൃത്യതയോടെ പിന്തുടരുന്നതാണ് കോലിയുടെ താടി. അടുക്കും ചിട്ടയുമുള്ള താടി എന്ന് വിശേഷിപ്പിക്കാവുന്ന വിരാട് കോലിയുടെ താടി കൃത്യമായി പരിപാലിക്കപ്പെടുന്ന ഒന്നാണ്.
രൺബീർ കപൂർ- കഥാപാത്രങ്ങളോട് ഇണങ്ങുന്ന രൺബീർ കപൂറിന്‍റെ താടിക്ക് നിരവധി ആരാധകരുണ്ട്. കൂടുതൽ പരുക്കൻ രൂപം നൽകുന്ന 'കട്ടത്താടി'യാണ് റണ്‍ബീര്‍ ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
2024ലെ മികച്ച താടി ട്രെന്‍ഡുകള്‍: സ്റ്റബിൾ താടി (കുറ്റിത്താടി) ശൈലിയാണ് സ്‌ത്രീകൾ ഏറ്റവും ആകർഷകമായി കണക്കാക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. നേരെമറിച്ച്, മീശയും ഗോട്ടി സ്‌റ്റൈല്‍ താടിയും (താടിയെല്ലിന് താഴ്‌ഭാഗത്ത് മാത്രം താടിവയ്‌ക്കുന്ന രീതി) ആകർഷകമല്ലാത്ത താടിയായും കണക്കാക്കപ്പെടുന്നു.
2024ലെ പുതിയ താടി ട്രെൻഡിൻ്റെ ലിസ്റ്റ് ഇതാ:
- നേർത്ത മീശ
- സ്റ്റബിൾ താടി
- റേസർ സ്‌ക്രാച്ചസ്
- ഷോർട്ട് ബോക്‌സ്‌ഡ് സ്റ്റൈൽ
- സ്‌പാർട്ടൻ താടി
- ഗ്രിസിൽ സ്റ്റൈൽ
- ഫേഡ് ബിയേർഡ് സ്റ്റൈൽ
- ഷോര്‍ട്ട് ഗോട്ട് താടി
താടി പരിപാലനത്തിനുള്ള ചില പൊടിക്കൈകള്‍: താടി നീളമുള്ളതോ കുറ്റിയോ ഏതുമാകട്ടെ, കൃത്യമായ പരിപാലനം ആവശ്യമാണ്. മുഖത്തിന്‍റെ ആകൃതിയിലും സംരക്ഷണത്തിലും താടിക്ക് വലിയ പങ്കുണ്ട്.
ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ:
- ആഴ്‌ചയിൽ 2-3 തവണയെങ്കിലും താടി കഴുകാൻ ശ്രമിക്കുക
- മീശ അമിതമായി കഴുകരുത്
- നിങ്ങളുടെ ചർമ്മത്തിന്‍റെ തരം പരിഗണിക്കുക
- താടി മോയ്‌ചറൈസ് ചെയ്യുക
- താടി പതിവായി ട്രിം ചെയ്യുക
- ട്രിം ചെയ്യാന്‍ അനുയോജ്യമായ ഉപകരണങ്ങൾ തെരഞ്ഞെടുക്കുക
- ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കാന്‍ മറക്കരുത്
- സഹായകരമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുക
- ഒന്നും അമിതമാകരുത്
- താടിക്ക് താഴെയുള്ള ചർമ്മം പരിശോധിക്കാൻ മറക്കരുത്
താടിയെക്കുറിച്ചുള്ള രസകരമായ ചില വസ്‌തുതകൾ
ശരാശരി താടിരോമം ഒരു വർഷത്തിൽ 5.5 ഇഞ്ച് നീളത്തിലാണ് മുഖത്ത് വളരുന്നത്. ഏകദേശം 30,000 രോമങ്ങള്‍ കൊണ്ടാണ് താടി രൂപപ്പെടുന്നത്. ഒരു മനുഷ്യന്‍ തന്‍റെ ആയുഷ്‌ക്കാലം താടി വെട്ടാതിരുന്നാല്‍ മരിക്കുമ്പോൾ ശരാശരി താടി 27' 6'' ഇഞ്ച് ആയിരിക്കും.
താടി നികുതി: ഇതൊരു വിചിത്രമായ വസ്‌തുതയാണ്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ആധുനിക ചിന്തകനായ പീറ്റർ ദി ഗ്രേറ്റ് താടി വളര്‍ത്തുന്നതിന് റഷ്യൻ സാമ്രാജ്യത്തിലേക്ക് നികുതി നല്‍കണമെന്ന് കല്‍പ്പിച്ചു. ക്ലീന്‍ ഷേവ് ലുക്ക് മാത്രം ഇഷ്‌ടപ്പെട്ടിരുന്ന പീറ്റര്‍ താടി പഴയ കാലത്തിന്‍റെ ഓര്‍മയാണെന്നും വിശ്വസിച്ചിരുന്നു. താടി വളർത്തുന്ന എല്ലാവരും പ്രതിവർഷം 100 റൂബിൾ നികുതി അടയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ കല്‍പ്പന. മാത്രമല്ല, ടാക്‌സ് അടക്കുന്നവര്‍ക്ക് രാജാവിന്‍റെ പ്രത്യേക മെഡലും നല്‍കിയിരുന്നു. അതില്‍ ഇങ്ങനെ ആലേഘനം ചെയ്‌തിട്ടുണ്ടാകും 'താടി ഒരു ഉപയോഗശൂന്യമായ ഭാരമാണ്.'
സമയ നഷ്‌ടം: ഒരു പുരുഷായുസിന്‍റെ ശരാശരി 3,350 മണിക്കൂർ അഥവാ 4.5 മാസം അല്ലെങ്കിൽ 139 ദിവസം ഷേവിങ്ങിന് വേണ്ടിയാണ് പാഴാക്കുന്നത് എന്നാണ് കണക്ക്!
താടി കാക്കും: മനുഷ്യന്‍റെ ആരോഗ്യത്തില്‍ താടിരോമം സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് താടി രോമം ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നു. മിക്ക കേസുകളിലും 95% വരെ സംരക്ഷണം നല്‍കാറുണ്ടെന്നും പഠനങ്ങളുണ്ട്. ത്വക്ക് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും താടി സംരക്ഷണം നൽകുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read: ഇതാണ് ആ താടി...രാജ്യത്തെ ഏറ്റവും നീളം കൂടിയ താടി എന്ന ബഹുമതി ഒരു മലയാളിയുടെ പേരിലാണ്