കോഴിക്കോട് : പുതിയങ്ങാടിയിൽ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ഒരു യുവതി കൂടി പിടിയിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിനി പിഎസ് ജൂമിയാണ് (24) പിടിയിലായത്. ഡാൻസാഫിന്‍റെയും വെള്ളയിൽ പൊലീസിന്‍റെയും നേതൃത്വത്തിലാണ് ബെംഗളൂരുവിൽ നിന്ന് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്.
കണ്ണൂർ റേഞ്ചിൽ പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടക്കേസിൽ ഇതോടെ മൂന്നാമത്തെയാളാണ് പിടിയിലായത്. നിലമ്പൂർ വെളിമറ്റം വടക്കേടത്ത് ഷൈൻ ഷാജിയെ ബെംഗളൂരുവിൽ നിന്നും പെരുവണ്ണാമുഴി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്‌റ്റ്യനെ ഇടുക്കി കുമളിയിൽ നിന്നും നേരത്തേ പിടികൂടിയിരുന്നു.
ഷൈൻ ഷാജിയേയും ആൽബിനെയും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ് ബെംഗളൂരുവിൽ നിന്ന് ഷൈനിനൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത് ജൂമിയാണെന്ന വിവരം പൊലീസിന് ലഭിച്ചത്. കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോൾ ജൂമി ഒളിവിൽ പോയി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജൂമി കാരിയറായി ജോലി ചെയ്‌തുണ്ടാക്കുന്ന പണം കൊണ്ട് ഗോവയിലും ബെംഗളൂരുവിലും ആർഭാടജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളയിൽ ഇൻസ്പെക്‌ടർ ജി ഹരീഷ്, എസ്ഐ ദീപുകുമാർ, എസ്‌സിപിഒ ദീപു, സിറ്റി ക്രൈം സ്ക്വാഡിലെ പ്രശാന്ത് കുമാർ,എസ്‌സിപിഒ ഷിജില, സിപിഒമാരായ സ്നേഹ, ഷിനിൽ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
മെയ് പത്തൊമ്പതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുതിയങ്ങാടി ഇടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ട് എന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫും വെള്ളയിൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.
Also Read: അഞ്ചുകോടിയുടെ ലഹരി മരുന്ന് പിടികൂടിയ സംഭവം ; ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ