ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജപ്‌തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശിനി ഷീബ (49) ആണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ എസ്ഐ ബിനോയി എബ്രഹാം (52), വനിത സിവില്‍ പൊലീസ് ഓഫിസര്‍ ടി അമ്പിളി (35) എന്നിവര്‍ക്കും പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കോടതി വിധിയെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഷീബയുടെ വീട്ടില്‍ ജപ്‌തി നടപടിക്കെത്തിയതായിരുന്നു. ഇതിനിടെ ഷീബ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയ്‌ക്കും വനിത സിവില്‍ പൊലീസ് ഓഫിസര്‍ക്കും പൊള്ളലേറ്റത്. അമ്പിളിക്ക് 40 ശതമാനവും ബിനോയിക്ക് 20 ശതമാനവും ആണ് പൊള്ളലേറ്റത്. മൂവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രി, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ ഷീബയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എസ്ഐയുടെ പരിക്ക് ഗുരുതരമല്ല.
സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ തൊടുപുഴ സിജിഎം കോടതിയുടെ ഉത്തരവുമായാണ് ഷീബയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യാന്‍ എത്തിയത്. ഷീബയും കുടുംബവും സ്ഥലം വാങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഉടമ നെടുങ്കണ്ടം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഈ ബാധ്യത നിലനിര്‍ത്തിയാണ് സ്ഥലം വില്‍പന നടന്നത്.
പലിശയും കൂട്ടുപലിശയും ചേര്‍ത്ത് 63 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിലവിലെ ഉടമസ്ഥര്‍ എടുത്ത വായ്‌പ അല്ലാത്തതിനാല്‍ ബാങ്ക് കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് മുമ്പ് പൊതുപ്രവര്‍ത്തകര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വീട്ടമ്മയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ച ബാങ്കിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇതേസമയം, സംഭവത്തിലേക്ക് നയിച്ച ബാധ്യത സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ ബാങ്കിന്‍റെ നെടുങ്കണ്ടം ബ്രാഞ്ച് തയാറായില്ല. സമാനമായ സംഭവങ്ങള്‍ മുമ്പും ഈ ബാങ്കില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു. ഷീബയുടെ വായ്‌പ അടച്ചുതീര്‍ക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബാങ്ക് അധികൃതര്‍ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിക്കുകയും ജപ്‌തി നടപടികളിലേക്ക് നീങ്ങുകയും ചെയ്‌തത്.
Also Read: ഇരിങ്ങാലക്കുട കല്ലൻകുന്നിൽ ഗൃഹനാഥന്‍റെ ആത്മഹത്യ, ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം