പത്തനംതിട്ട : കാറിൽ കയറ്റിക്കൊണ്ടുപോയി യുവതിയെ ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിക്കുകയും, ശാരീരികമായി അപമാനിക്കുകയും ചെയ്‌ത കേസിൽ കൊടും ക്രിമിനൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കവർച്ച, മോഷണം, ബലാത്സംഗം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയിൽ പ്രവീൺ എന്ന് വിളിക്കുന്ന ബസലേൽ സി മാത്യു (37), തിരുവല്ല യമുന നഗർ ദർശന ഭവനം വീട്ടിൽ സ്റ്റോയി വർഗീസ് (30) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജൂൺ മൂന്നിന് വൈകിട്ട് നാലേകാലോടെ കടമാങ്കുളം ഗവൺമെന്‍റ് ഹെൽത്ത് സെന്‍ററിന് സമീപം റോഡിൽ നിന്നാണ് യുവതിയെ ഒന്നാം പ്രതിയായ പ്രവീൺ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. കവിയൂർ ഞാലിക്കണ്ടം പെരുന്തുരുത്തിയിലേക്കാണ് കാറോടിച്ചു പോയത്. പിൻസീറ്റിലിരുന്ന് ഇയാൾ വെള്ളക്കടലാസിൽ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരെ നീട്ടി വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ സ്‌പര്‍ശിച്ച് അപമാനിച്ചു.
രണ്ടാം പ്രതി സ്റ്റോയി വർഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്‌തു. പ്രവീണിനൊപ്പം യാത്ര പോയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, തുടർന്ന് വൈകിട്ട് ആറരയോടെ കല്ലൂപ്പാറ പ്രതിഭ ജങ്‌ഷനിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു.
പിറ്റേന്ന് വൈകിട്ട് ഇതേസമയം രണ്ടും മൂന്നും പ്രതികൾ കാറിലെത്തി കല്ലൂപ്പാറയിൽ വച്ച് യുവതിയെ അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ പറ്റി ഈ മാസം ഏഴിന് കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ്, പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല.
ഇതിനിടെയാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത ആടുകളെ മോഷ്‌ടിച്ചുകടത്തിയ കേസിൽ പിടികൂടിയ പ്രതി ഈ കേസിലെ രണ്ടാം പ്രതിയാണെന്ന വിവരം ലഭിച്ചത്. റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇയാളുടെ ഫോർമൽ അറസ്റ്റിനായി കീഴ്‌വായ്‌പ്പൂർ പൊലീസ്, അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അനുവാദം ലഭിക്കുകയും, തുടർന്ന് പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മൂന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി വി അജിത്തിന്‍റെ നിർദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തിനൊടുവിൽ, ബസലേൽ സി മാത്യുവിനെ ഇയാളുടെ വീടിന് സമീപത്ത് നിന്നും കഴിഞ്ഞ ദിവസം ഉച്ചയോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തുകയും, തുടർനടപടികൾ സ്വീകരിക്കുകയും ചെയ്‌തു.
2007 മുതൽ കീഴ്‌വായ്‌പ്പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത ആറ് കേസുകളിലും, തിരുവല്ല പൊലീസ് സ്റ്റേഷനിൽ എടുത്ത നാല് കേസുകളിലും, വെച്ചൂച്ചിറ, കോയിപ്രം, ചിങ്ങവനം, നൂറനാട് എന്നീ സ്റ്റേഷനുകളിലെ ഓരോന്ന് വീതം കേസുകളിലും പ്രതിയാണ് ബസലേൽ സി മാത്യു. കൂടാതെ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസ് രജിസ്റ്റർ ചെയ്‌ത കഞ്ചാവ് കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിലേത് കവർച്ചയ്ക്കും മോഷണത്തിനും പോക്സോ നിയമപ്രകാരമുള്ളതും, ബലാത്സഗത്തിനും, മയക്കുമരുന്ന് കുട്ടികൾക്ക് വിൽക്കാൻ കൈവശം വച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും എടുത്ത കേസുകളാണ്. കഞ്ചാവ് കടത്തൽ ദേഹോപദ്രവം ഏൽപ്പിക്കൽ ലഹളയുണ്ടാക്കൽ സർക്കാർ ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എടുത്തതാണ് തിരുവല്ലയിലെ കേസുകൾ. സമാന സ്വഭാവം ഉള്ളതാണ് ബാക്കിയുള്ള കേസുകളും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദിന്‍റെ മേൽനോട്ടത്തിൽ, കീഴ്‌വായ്‌പ്പൂർ പൊലീസ് ഇൻസ്‌പെക്‌ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എസ്‌ഐമാരായ സതീഷ് ശേഖർ, പി പി മനോജ് കുമാർ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ALSO READ: മഞ്ചേരിയില്‍ എക്സൈസിന്‍റെ കഞ്ചാവ് വേട്ട; 2 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍