ഇടുക്കി : കൊച്ചി - ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് കാട്ടാനയുടെ സാന്നിധ്യം വർധിക്കുന്നു. ഇന്നലെ വൈകുന്നേരം വനമേഖലയിലെ ആറാംമൈലിൽ കാട്ടാനയിറങ്ങി. റോഡിൽ വിനോദ സഞ്ചാരികൾ ഉൾപ്പടെ ഉണ്ടായിരുന്ന സമയത്താണ് പാതയോരത്ത് കാട്ടാനയെത്തിയത്.
നേര്യമംഗലം വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്ന കാഞ്ഞിരവേലി ഭാഗത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് കാഞ്ഞിരവേലിയിലായിരുന്നു. ദേശീയപാതയില്‍ പകല്‍ സമയത്ത് പോലും മുമ്പ് പലതവണ കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
ഇരുചക്രവാഹന യാത്രികന്‍ ഒരിക്കല്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇരുചക്രവാഹനയാത്രികരടക്കം നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മധ്യവേനലവധി ആരംഭിച്ചതോടെ രാത്രികാലത്ത് ദേശീയപാതയിൽ വിനോദ സഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ തിരക്കുണ്ട്.
ALSO READ: മച്ചാട് കാട്ടാന ശല്യം രൂക്ഷം ; വാഴ കൃഷി നശിപ്പിച്ചു
കാട്ടാനകളുടെ സാന്നിധ്യം സംബന്ധിച്ച് നിർദ്ദേശം നൽകുവാൻ ദേശീയപാതയിൽ നിരീക്ഷണസംവിധാനം വേണമെന്ന ആവശ്യമുയരുന്നു. വേനൽ കനക്കുന്നതോടെ ദേശീയപാതയിൽ കാട്ടാന സാന്നിധ്യം വർധിക്കുമോയെന്നും ആശങ്കയുണ്ട്.