കണ്ണൂര്‍ : ആറളം ഫാമില്‍ നിന്നും കാട് കയറ്റിയത് എത്ര ആനകളെ? കാടിളക്കി തുരത്തിയത് 40ലേറെ ആനകളെയെന്ന് ദൗത്യസംഘം അവകാശപ്പെടുമ്പോള്‍ അവയില്‍ ചിലതെങ്കിലും തിരിച്ചെത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കാട്ടാനകളെ തുരത്തുന്ന ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം ഇന്നും തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാട്ടാന ശല്യത്തിന് അറുതി വരുത്തില്ലെന്നാണ് ആരോപണം.
ഈ മാസം 12 വരെയാണ് ഓപ്പറേഷന്‍ എലഫന്‍റ് പ്രഖ്യാപിച്ചതെങ്കിലും ആറളം ഫാമില്‍ തമ്പടിച്ച ആറ് ആനകളെ കയറ്റി വിടാനുള്ള ഒരുക്കത്തിലാണ് ദൗത്യസംഘം. എന്നാല്‍ പുഃനരധിവാസ മേഖലയില്‍ വിഹരിക്കുന്ന ആനകളെ പൂര്‍ണമായും പുറത്താക്കാന്‍ ആന മതില്‍ മാത്രമാണ് പരിഹാരം. ആറളം വന്യജീവി സങ്കേതത്തിലേക്ക് 15ലേറെ ആനകളെ തുരത്താന്‍ കഴിഞ്ഞത് വെറും ഒരാഴ്‌ച കൊണ്ടാണ്.
ഇതിനിടെ 4 തവണ കാട്ടാനക്കൂട്ടം ദൗത്യ സംഘത്തെ നയിക്കുന്നവരുടെ ജീപ്പിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങള്‍ പിറകോട്ടെടുത്തും ശബ്‌ദമുണ്ടാക്കിയും സംഘം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 3 മുതല്‍ 7 വരെ ആദിവാസി പുഃനരധിവാസ മേഖലയില്‍ നിന്നും അഞ്ച് ആനകളെ തുരത്തിയാണ് ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം ആരംഭിച്ചത്.
മാര്‍ച്ച് എട്ട് മുതല്‍ പത്ത് വരെയുളള രണ്ടാംഘട്ടത്തില്‍ ആറളം ഫാം കൃഷിയിടത്തില്‍ നിന്നും പതിമൂന്ന് ആനകളെ തുരത്തിയിരുന്നു. ഏപ്രില്‍ 9 മുതല്‍ 11 വരെയുളള മൂന്നാം ഘട്ടത്തില്‍ പുഃനരധിവാസ മേഖലയില്‍ നിന്നും കൃഷിയിടത്തില്‍ നിന്നും 16 ആനകളെയാണ് തുരത്തിയത്. ഇതിന് പുറമെ തനിയെ കടന്നുപോയത് 20 ആനകളാണെന്നും കണക്കാക്കുന്നു. എന്നാല്‍ ഈ വസ്‌തുതകള്‍ ശരിയല്ലെന്ന അഭിപ്രായം ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
കാട് കയറ്റിയ ആനകള്‍ ചിലതൊക്കെ തിരികെ എത്തിയതായും ആരോപണമുണ്ട്. 37.9 കോടി രൂപ ചെലവില്‍ 10.5 കിലോ മീറ്റര്‍ ദൂരത്തില്‍ ആനമതില്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമെ ആറളം ഫാമിലും പുഃനരധിവാസ മേഖലയിലും ആനശല്യം പൂര്‍ണമായും ഒഴിയുകയുള്ളൂ. തുടര്‍ച്ചയായി ആനകളെ തുരത്തുക മാത്രമാണ് ശാശ്വത പരിഹാരമുണ്ടാകാനുളള ഏക വഴിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നത്തെ ദൗത്യത്തോടെ ഒരു പരിധിവരെ ആന ശല്യം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യ സംഘം.