കോഴിക്കോട് : കാട്ടുപന്നി കുറുകെ ചാടിയതോടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു (Wild boar attack in Malappuram). മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടം (Auto driver Died).
കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം നഷ്‌ടപ്പെട്ട് ഓട്ടോ മറിഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍. സൈഫുന്നിസയാണ് ഷഫീഖിന്‍റെ ഭാര്യ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ. കാട്ടുപന്നി പെരുകുന്ന പ്രദേശത്ത് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
അതേസമയം കേരളത്തില്‍ വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. ഇന്നലെ (05.03.2024) രണ്ട് പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്. തൃശൂര്‍ പെരിങ്ങല്‍ക്കുത്തിന് സമീപം ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടിരുന്നു.
വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്‍റെ ഭാര്യ വത്സല (64)യെ ആണ് കാട്ടാന ചവിട്ടി കൊന്നത്. രാജനും വത്സലയും കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സംഭവം. തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്‌ത്തി വത്സലയെ ആന ചവിട്ടുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ രാജന്‍ ആക്രമണത്തിന് ഇരയായില്ല.
കോഴിക്കോട് കക്കയത്തും വന്യജീവിയുടെ ആക്രമണത്തില്‍ കര്‍ഷകന് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. കക്കയം ഡാം സൈറ്റിന് സമീപമുള്ള കൃഷിയിടത്തില്‍വച്ചാണ് പാലാട്ട് എബ്രഹാം (അവറാച്ചന്‍ -70) കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
എബ്രഹാമിന്‍റെ കക്ഷത്തില്‍ ആഴത്തില്‍ കാട്ടുപോത്തിന്‍റെ കൊമ്പ് ഇറങ്ങിയിരുന്നു. നില വഷളായ ഇദ്ദേഹത്തെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എബ്രഹാമിന്‍റെ മരണത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഹര്‍ത്താല്‍ നടത്തുന്നുണ്ട്.