കൊല്‍ക്കത്ത: അറസ്‌റ്റിലായ തൃണമൂല്‍ കോൾണ്‍ഗ്രസ് നേതാവ് മനോബ്രത ജനയുടെ ഭാര്യ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്ത്. അന്വേഷണത്തിനെന്ന വ്യാജേന തന്‍റെ വീട്ടില്‍ ബലംപ്രയോഗിച്ച് കടന്ന് കയറിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്നെ അപമാനിച്ചതായി അവര്‍ പരാതിയില്‍ പറയുന്നു.
2022ല്‍ മൂന്ന് മരണത്തിന് ഇടയാക്കിയ പശ്ചിമബംഗാളിലെ പൂര്‍ബ മേദിന്‍പൂര്‍ ജില്ലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ശനിയാഴ്‌ചയാണ് ബാലൈ ചരണ്‍ മെയ്‌തിയെയും മനോബ്രതജനയെയും അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിലെ മുഖ്യ സൂത്രധാരകര്‍ ഇവരാണെന്നാണാണ് എന്‍ഐഎയുടെ ആരോപണം.
ഭൂപതി നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ മനോബ്രത ജനെയുടെ ഭാര്യ മോനി ജനെ പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തന്‍റെ വീട്ടിലെ വസ്‌തുക്കള്‍ തകര്‍ത്തതായും അവര്‍ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സ്‌ത്രീകളുടെ അന്തസ് ഹനിക്കും വിധം അവരെ ആക്രമിക്കുകയെന്ന ഐപിസി 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അറസ്‌റ്റിനെത്തിയ എന്‍ഐഎ സംഘത്തെ നാട്ടുകാര്‍ ആക്രമിച്ചാതായും ആരോപണമുണ്ട്. എന്നാല്‍ അന്വേഷണസംഘം നാട്ടുകാരെ ആക്രമിച്ചെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം. ഭൂപതി നഗറില്‍ വച്ച് തങ്ങളുടെ വാഹനം തകര്‍ക്കപ്പെട്ടു. ഒരു ഉദ്യോഗസ്ഥന്‍ പരിക്കേറ്റ് ചികിത്സയിലുണ്ടെന്നും എന്‍ഐഎ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഐഎയും ഭൂപതി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സന്ദേശ്ഖാലി സംഭവത്തില്‍ അന്വേഷണത്തിനായി ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖിന്‍റെ വീട്ടിലെത്തിയ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തെ ജനുവരി അഞ്ചിന് നാട്ടുകാര്‍ ആക്രമിച്ചിരുന്നു.