കോഴിക്കോട്: ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്‌ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരുപ്പ് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിലാണ് മോഷണം.
ചേലിയയിലെ കോഴിക്കടയുടെ വാതിൽ തകർത്ത് മോഷ്‌ടാവ് അകത്ത് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം കാഞ്ഞിലശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. എത്ര പണം നഷ്‌ടപ്പെട്ടു എന്ന് കണക്കാക്കാനായിട്ടില്ല.
ജൂൺ 12ന് ഭണ്ഡാരം തുറന്ന് പണം എണ്ണിയത് കൊണ്ട് വലിയ തുക നഷ്‌ടപ്പെട്ടിട്ടില്ല എന്നാണ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചത്. ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന നിലയിലാണുള്ളത്. ഓഫിസില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. കൂടാതെ പുറത്തെ കവാടത്തിന് അരികിലുള്ള ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
മറ്റിടങ്ങളിൽ നടന്ന മോഷണത്തിൽ നഷ്‌ടമായതിന്‍റെ കണക്കും തിട്ടപ്പെടുത്തി വരികയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിഗ്‌ധരും പരിശോധന നടത്തും. ഒന്നിലേറെ പേർ ആസൂത്രണം ചെയ്‌ത മോഷണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.