തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 19 ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (ഏപ്രിൽ 18) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഏപ്രിൽ 17, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഏപ്രിൽ 18 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: കനത്ത മഴ; കൊച്ചിയില്‍ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 5 വിമാനങ്ങൾ റദ്ദാക്കി