ഇടുക്കി: സംസ്ഥാനത്ത് ഇന്ന് (നവംബർ 1) അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്കും ശേഷം ദുർബലമായ തുലാവർഷക്കാറ്റ് (കിഴക്കൻ/വടക്ക് കിഴക്കൻ കാറ്റ്) വരും ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ പതിയെ സജീവമാകാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പ്.
ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്.
Also Read: കേരളത്തിലെ വ്യാപക മഴയ്‌ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളില്‍ വരും ദിവസവും മഴ തുടരും