തിരുവനന്തപുരം: കേരളത്തില്‍ കാലവർഷത്തിന് ശക്തി കുറഞ്ഞതായി കാലാവസ്ഥ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ടെങ്കിലും അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കടലില്‍ പോകുന്നതിന് വിലക്ക്: കേരള തീരത്ത് ഇന്ന് (ജൂണ്‍ 29) ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും. അടുത്ത മാസം രണ്ടാം വാരത്തോടെ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രാവിലെ തന്നെ മിതമായ മഴ ലഭിക്കും.
സ്‌കൂളുകള്‍ക്ക് അവധി: ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് (ജൂണ്‍ 29) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് താഴ്‌ന്നിട്ടില്ലാത്തതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി നിശ്‌ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പരീക്ഷകള്‍ക്കും മാറ്റമില്ല.
വടക്കന്‍ കേരളം മുതല്‍ മഹാരാഷ്‌ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം കഴിഞ്ഞ ദിവസമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ടത്. ഗുജറാത്തിന് മുകളില്‍ ചക്രവാതച്ചുഴിയും നിലവിലുണ്ടായിരുന്നു. കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര തീരങ്ങളില്‍ കാലവര്‍ഷക്കാറ്റും സജീവമായിരുന്നു. ഇന്ന് കര്‍ണാടക തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഡല്‍ഹിയില്‍ കനത്ത മഴ തന്നെ: രാജ്യതലസ്ഥാനത്ത് മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു. കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഇതിന് പുറമെ വസന്ത് വിഹാറില്‍ മതില്‍ തകര്‍ന്ന് വീണ് ഒരു തൊഴിലാളിയും മരിച്ചു. നേരത്തെ ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തകര്‍ന്ന മേല്‍ക്കൂരയുടെ അവശിഷ്‌ടങ്ങള്‍ പൂര്‍ണമായും നീക്കിക്കഴിഞ്ഞിട്ടില്ല. എങ്കിലും ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ രാജ്യതലസ്ഥാനം വെള്ളക്കെട്ടായി മാറിയിരുന്നു.
Also Read: ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്