വയനാട് : ജനവാസ മേഖലയിലിറങ്ങി ഭീതി വിതയ്ക്കുകയും, 42കാരന്‍റെ ജീവൻ കവരുകയും ചെയ്‌ത കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുന്നു. സി സി എഫുമാരായ മുഹമ്മദ് ഷബാബ്, ദീപ, വൈൽഡ് ലൈഫ് വാർഡൻ ദിനേഷ്, നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം, സോഷ്യൽ ഫോറസ്റ്റ് എസി എഫ് ഹരിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദൗത്യം.
വെറ്ററിനറി സർജൻ അജേഷ് മോഹൻ ദാസിൻ്റെ നേതൃത്വത്തിൽ മറ്റ് മൂന്ന് വെറ്ററിനറി സർജൻമാരുമടങ്ങുന്ന സംഘമാണ് മയക്കുവെടി വയ്‌ക്കാനുള്ളത്. നിലവിൽ ആന കേരള അതിർത്തിയിൽ നിന്നുവിട്ട് കർണാടക അതിർത്തിയോട് ചേർന്ന വനമേഖലയിലെത്തിയതായാണ് സൂചന. അനുയോജ്യമായ സ്ഥലത്ത് കിട്ടിയാൽ മാത്രമേ മയക്കുവെടി വയ്ക്കൂ.
എന്നാൽ, മയക്കുവെടിവച്ചാൽ ആനയെ തിരികെ കാട്ടിലേക്ക് വിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കൊലയാളി ആനയെ ക്യാമ്പിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം അജിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിയോടെ നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനം പുരോഗമിക്കുകയാണ്.