മാനന്തവാടി: ഗൃഹനാഥന്‍റെ ജീവനെടുത്ത കാട്ടാനക്കലിയില്‍ അണപൊട്ടി പ്രതിഷേധം. സർവകക്ഷി യോഗത്തിൽ ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം അതിശക്തമായത്. അതോടൊപ്പം കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ സബ്‌കലക്‌ടർ ഓഫീസിലെത്തി. സബ് കലക്ടർ ഓഫിസ് പരിസരത്തു ട്രാക്‌ടർ കൊണ്ടിട്ടാണ് പ്രതിഷേധം.
സർവകക്ഷിയോഗത്തില്‍ അജിയുടെ ബന്ധുക്കളുടെ ആവശ്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സിസിഎഫ്, കലക്‌ടർ, എസ്‌പി, രണ്ട് എംഎല്‍എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരെ യോഗഹാളിന് പുറത്തുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം.
ആനയെ വെടിവെച്ച് കൊല്ലണമെന്നും 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ബന്ധുവിന് സ്ഥിരം ജോലി നല്‍കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ച 10 ലക്ഷം രൂപ നൽകാമെന്നും ബന്ധുവിന് താത്കാലിക ജോലി നല്‍കാമെന്നും സ്ഥിരം ജോലി സർക്കാർ തലത്തിൽ തീരുമാനമാകണമെന്നുമാണ് കലക്‌ടർ സർവകക്ഷി യോഗത്തില്‍ പറഞ്ഞത്. അതോടൊപ്പം ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നും തുറന്നുവിടില്ലെന്നും കലക്‌ടർ സർവകക്ഷി യോഗത്തില്‍ പറഞ്ഞു. ഈ നിർദ്ദേശങ്ങൾ ബന്ധുക്കൾ സ്വീകരിച്ചില്ല. അതോടെ പ്രതിഷേധം ശക്തമായി.
യോഗം നടന്ന ഹാളിനുപുറത്തും വലിയ പ്രതിഷേധമാണുണ്ടായത്. ആനയെ തുരത്താൻ കുറേ ശ്രമിച്ചെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥിരം ജോലി നൽകാനുള്ള അധികാരമില്ലെന്നുമുള്ള സിസിഎഫിന്‍റെ മറുപടിയില്‍ യോഗത്തിന് എത്തിയവർ രോഷാകുലരായിരുന്നു.
നടപടി തുടങ്ങി വനംവകുപ്പ്: അതേസമയം ഗൃഹനാഥന്‍റെ ജീവനെടുത്ത കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി. പടമലയിലേക്ക് കുംകി ആനകളെ എത്തിക്കാൻ നടപടി തുടങ്ങി. കർണാടകയില്‍ നിന്ന് എത്തി ഗൃഹനാഥന്‍റെ ജീവനെടുത്ത ആനയെ മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ് വന്നതിന്‍റെ പശ്‌ചാത്തലത്തിലാണ് വനംവകുപ്പ് മറ്റ് നടപടികൾ ആരംഭിച്ചത്. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
അത് ബേലൂർ മഖ്‌ന: കർണാടകയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്‌ന എന്ന ആനയാണ് മാനന്തവാടി പടമലയില്‍ ഗൃഹനാഥനെ കൊന്നത്. 2023 നവംബർ 30ന് ഹാസൻ ഡിവിഷനിലെ ബേലൂരിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വയനാട് വന്യ ജീവി സങ്കേതത്തോട് ചേർന്ന മൂലഹള്ളി വന്യജീവി സങ്കേതത്തില്‍ തുറന്നുവിടുകയായിരുന്നു.